കോവിഡ്-19 ആഗോള വെല്ലുവിളി, ഏകോപിത പ്രവർത്തനം അനിവാര്യം –ജി20 വാണിജ്യ മന്ത്രിമാർ
text_fieldsജിദ്ദ: കോവിഡ്-19 ആഗോള വെല്ലുവിളിയാണെന്നും അതിനെ നേരിടാൻ ഏകോപിതമായ പ്രവർത്തനം ആവശ്യമാണെന്നും ജി20 രാജ്യങ്ങളിലെ വാണിജ്യ നിക്ഷേപ മന്ത്രിമാർ അഭിപ്രായപ്പെട്ടു. കോവിഡ്-19 മഹാമാരി വ്യാപാരത്തിലും നിക്ഷേപത്തിലും ചെലുത്തുന്ന സ്വാധീനം വിലയിരുത്താൻ ചേർന്ന ജി20 രാജ്യങ്ങളിലെ വാണിജ്യ നിക്ഷേപ മന്ത്രിമാരുടെ വെർച്വൽ യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവായ ഭീഷണിയെ നേരിടാനുള്ള ശ്രമങ്ങളിൽ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണം. മനുഷ്യജീവിതങ്ങളെ സംരക്ഷിക്കുന്നതിനും സഹകരണം ഇരട്ടിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹം മുെമ്പന്നത്തേക്കാളും ഉണർന്നുപ്രവർത്തിക്കേണ്ട സമയമാണിതെന്നും മന്ത്രിമാർ പറഞ്ഞു. ഇൗ പ്രതിസന്ധിക്കുശേഷം ശക്തമായ സാമ്പത്തിക വീണ്ടെടുക്കലിനും സുസ്ഥിരവും സന്തുലിതവും സമഗ്രവുമായ വളർച്ചക്കും വേണ്ട അടിത്തറകൾ ഉണ്ടാക്കേണ്ടതുണ്ട്. മാർച്ച് 26ന് ഒാൺലൈനിൽ നടന്ന രാഷ്ട്രത്തലവന്മാരുടെ അസാധാരണ ഉച്ചകോടിയിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിെൻറയും ശ്രമങ്ങൾ ശക്തമാക്കേണ്ടതിെൻറയും ആവശ്യകത ഉയർത്തിക്കാട്ടിയത് മന്ത്രിമാർ ചൂണ്ടിക്കാട്ടി.
രാഷ്ട്രനേതാക്കൾ തങ്ങൾക്കു നൽകിയ ചുമതല നിർവഹിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും മന്ത്രിമാർ പറഞ്ഞു. ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും അടിയന്തരാവശ്യം കണക്കിലെടുത്തും മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ, മറ്റ് ഉൽപന്നങ്ങൾ, കാർഷിക ഉൽപന്നങ്ങൾ, മറ്റ് ചരക്കുകൾ എന്നിവയുടെ തുടർച്ചയായ ഒഴുക്ക് രാജ്യാതിർത്തികളിലൂടെ ഉറപ്പാക്കാൻ സജീവമായി പ്രവർത്തിച്ചുവരുകയാണ്. അടിസ്ഥാന ഉൽപന്നങ്ങളുടെ വ്യാപാരം സുഗമമാക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. ന്യായമായ വിലക്ക് മെഡിക്കൽ ഉൽപന്നങ്ങൾ ലഭ്യമാക്കാൻ ശ്രമിക്കും. അധിക ഉൽപാദനത്തിനു വേണ്ട പ്രോത്സാഹനം നൽകും. ചൂഷണവും ന്യായീകരിക്കാത്ത വിലവർധനയും തടയും. അന്താരാഷ്ട്ര നിക്ഷേപം ശക്തിപ്പെടുത്തുന്നതോടൊപ്പം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുന്നതിന് ആവശ്യമായ നടപടികൾ ഉറപ്പുവരുത്തും. പകർച്ചവ്യാധിയെ തുടർന്ന് വ്യാപാര മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത് ഇനിയും തുടരും. അതോടൊപ്പം അന്താരാഷ്ട്ര വ്യാപാരത്തിലും നിക്ഷേപത്തിലും പകർച്ചവ്യാധിയുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനങ്ങൾ നടത്താൻ അന്താരാഷ്ട്ര സംഘടനകളെ ക്ഷണിക്കുന്നുവെന്നും മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
