ആരോഗ്യപ്രശ്നങ്ങൾ വെളിപ്പെടുത്താത്തവർക്ക് അഞ്ചുലക്ഷം റിയാൽ പിഴ
text_fieldsറിയാദ്: രാജ്യത്തിെൻറ അതിർത്തി ചെക് പോസ്റ്റുകളിലും വിമാനത്താവളങ്ങളിലും തുറമു ഖങ്ങളിലും ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ആരോഗ്യ സംബന്ധമായ വിവരങ്ങൾ വെളിപ്പെടുത്താത്ത യാത്രക്കാർക്ക് അഞ്ചു ലക്ഷം റിയാൽ വരെ പിഴ അടക്കേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ തിങ്കളാഴ്ച അറിയിച്ചു. ഈ നിയന്ത്രണം സ്വദേശികളും വിദേശികളും ഉൾപ്പെടെ എല്ലാ യാത്രക്കാർക്കും ബാധകമാണെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രവേശന കവാടങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യനിരീക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 21 പ്രകാരമാണ് തീരുമാനം. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് പ്രതിരോധ നടപടികളുടെ ഭാഗമായി ഇൗ അറിയിപ്പ് പുറത്തുവന്നത്.
ഓരോ യാത്രികരും അവർ സഞ്ചരിച്ചുവന്ന രാജ്യങ്ങളുടെ വിവരങ്ങളും നിലവിലെ ആരോഗ്യസ്ഥിതിയും അതിർത്തി ചെക് പോയൻറുകളിൽ അധികാരികൾക്ക് മുന്നിൽ വെളിപ്പെടുത്തണം. കോവിഡ് 19 സ്ഥിരീകരിച്ച പല രാജ്യങ്ങൾ വഴി സൗദിയിൽ എത്തുന്നവർ വിവരങ്ങൾ മറച്ചുവെക്കാൻ പാടില്ലെന്നും രാജ്യത്തിെൻറ സുരക്ഷയിൽ ഓരോ പൗരനും ബാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ അധികൃതർ വ്യക്തമാക്കി. നിയമമനുസരിച്ച് രാജ്യാന്തര യാത്രകളിൽ രാജ്യത്ത് എത്തുന്ന എല്ലാ യാത്രക്കാരും അതിർത്തി കവാടങ്ങളിലെ ഉദ്യോഗസ്ഥരും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന രോഗങ്ങൾ തടയുന്നതിന് അന്താരാഷ്ട്ര, പ്രാദേശിക ആരോഗ്യ നിർദേശങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. ഏതെങ്കിലും ആരോഗ്യ അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ ഈ നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങളിൽ വിശദമാക്കിയിട്ടുള്ള എല്ലാ പ്രതിരോധ, പരിഹാര നടപടികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
