കോട്ടയം സ്വദേശി ജുബൈലിൽ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശി ജുബൈലിൽ മരിച്ചു. കാഞ്ഞിരപ്പള്ളി കൊടുവംതാനം കുന്നുംപുറത്ത് വീട്ടിൽ ഷാജി (55) ആണ് മരിച്ചത്. ജുബൈൽ റിയാദ് അൽദാന കമ്പനിയിൽ ഡ്രൈവറായിരുന്നു.
കഴിഞ്ഞദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. പ്രാഥമിക ചികിത്സക്ക് ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയ ഷാജി അവിടെ വെച്ചാണ് മരിച്ചത്. വൈകീട്ട് സ്കാൻ ചെയ്യാൻ കൊണ്ടുപോകാൻ കമ്പനിയിൽ നിന്നും എത്തിയ ഡ്രൈവറാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
17 വർഷമായി ഇതേ കമ്പനിയിലാണ് ഷാജി ജോലി ചെയ്യുന്നത്. അടുത്തിടെ ഒരു വീട് നിർമിച്ചെങ്കിലും പണി പൂർത്തിയാകും മുമ്പ് ഭാര്യയും മക്കളും അതിലേക്ക് താമസം മാറിയിരുന്നു. നേരത്തെ താമസിച്ചിരുന്ന വീടിന്റെ വാടകയും കുടുംബത്തിലെ ചെലവും കുട്ടികളുടെ പഠനവും എല്ലാം കൂടി ഒരുമിച്ചു കൊണ്ടുപോകാൻ ഡ്രൈവർ ജോലിയിൽ നിന്ന് കിട്ടുന്ന ഷാജിയുടെ ശമ്പളം മതിയാകാതെ വന്നപ്പോഴാണ് പണി തീരുംമുമ്പ് പുതിയ വീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്. വീടിന്റെ നിർമാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലായതിനാൽ നാലര വർഷമായി ഷാജി നാട്ടിൽ പോയിട്ടില്ല. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഭാര്യ: നജുമുന്നിസ. മക്കൾ: ആദിൽ മുബാറക്ക്, ആബിയ സൈനു, അലിഹ സൈനു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

