കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു
text_fieldsകൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഭാരവാഹികൾ ജിദ്ദയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: നിർധന രോഗികളായ ആയിരങ്ങൾക്ക് ആശ്രയമേകുന്ന മലപ്പുറം ജില്ലയിൽ കൊണ്ടോട്ടിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കാരുണ്യപ്രവർത്തന മേഖല വിപുലപ്പെടുത്താനൊരുങ്ങുന്നു. ഓട്ടിസം ബാധിച്ച കുട്ടികളെ സംരക്ഷിക്കുന്നതിനും മറ്റുമായി കൊണ്ടോട്ടി വെട്ടുകാട് പ്രദേശത്ത് 40 ബെഡുകളുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രി ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ ഡയാലിസിസ് സെന്റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജി അറിയിച്ചു.
ശിഹാബ് തങ്ങൾ എംപവർമെന്റ് പാലിയേറ്റിവ് സോൺ (സ്റ്റപ്സ്) എന്ന പേരിലാണ് പദ്ധതി. കിടപ്പുരോഗികളെ വീടുകളിലെത്തി പരിചരിക്കൽ, അഗതികളുടെ സംരക്ഷണം ഏറ്റെടുക്കൽ തുടങ്ങിയവയും സ്റ്റപ്സ് പദ്ധതിയുടെ ലക്ഷ്യമാണ്. 2015ൽ ആറ് മെഷീനുകൾ ഉപയോഗിച്ച് 21 രോഗികൾക്ക് ആശ്രയമായി തുടങ്ങിയ ഡയാലിസിസ് സെന്ററിൽ നിലവിൽ 43 മെഷീനുകളിലായി 258 നിർധന രോഗികൾക്ക് സൗജന്യ ഡയാലിസിസ് നൽകാനുള്ള സൗകര്യമുണ്ട്.
ഇതിനകം 1,70,000ത്തോളം ഡയാലിസിസുകൾ പൂർണമായും സൗജന്യമായി ചെയ്തുകൊടുക്കാൻ സാധിച്ചു. നിലവിൽ 460 ഓളം അപേക്ഷകൾ കാത്തുകിടക്കുകയാണ്. 200ലേറെ രോഗികൾക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്തുവരുന്നു. കാഴ്ച പരിമിതരായ ഭിന്നശേഷിക്കാർക്ക് സൈക്കിൾ അസംബ്ലിങ് യൂനിറ്റ് സ്ഥാപിച്ച് തൊഴിൽ നൽകുന്നു. കിഡ്നി രോഗം നേരത്തേ കണ്ടെത്തുന്നതിനും പ്രതിരോധ പ്രവർത്തനത്തിനുമായി 2021ൽ ആരംഭിച്ച മൊബൈൽ ലബോറട്ടറിയിൽ മൂന്നു വർഷത്തിനിടെ 470 ലേറെ വൃക്കരോഗ നിർണയ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്തു. 90,000ത്തോളം പേരുടെ പരിശോധന നടത്തി. 2,500 ഓളം വൃക്കരോഗികളെ കണ്ടെത്തി.
കുടിവെള്ള മാലിന്യത്തെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനും മൊബൈൽ വാട്ടർ അനാലിസിസ് ക്യാമ്പുകൾ നടന്നുവരുന്നു. സെന്ററിൽ ആധുനിക ലബോറട്ടറി, ഫാർമസി, ഫിസിയോ തെറാപ്പി സെന്ററുകളും പ്രവർത്തിച്ചുവരുന്നു. സെന്ററിന് കീഴിൽ കർണാടകയിൽ 2,980 പരിശോധനകൾ നടത്തിയതിൽ കേവലം രണ്ടു പേർക്ക് മാത്രമാണ് കിഡ്നി രോഗം കണ്ടെത്താനായതെന്നും എന്നാൽ കേരളത്തിൽ ഓരോ ക്യാമ്പുകളിലും ആറു മുതൽ 15 വരെ വൃക്കരോഗികളെ കണ്ടെത്തുന്നുണ്ടെന്നും പി.എ. ജബ്ബാർ ഹാജി അറിയിച്ചു.
കേരളത്തിൽ വൃക്കരോഗികളുടെ എണ്ണം ദിനംപ്രതി കുതിച്ചുയരുകയാണെന്നും കുടിവെള്ളത്തിലെ മാലിന്യങ്ങളും അന്യസംസ്ഥാനത്ത് നിന്നും മറ്റും വരുന്ന വിഷമടിച്ച പച്ചക്കറികളും മറ്റു ഭക്ഷണ പദാർഥങ്ങളുമൊക്കെയാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റർ ഡയറക്ടറും ഉപദേശക സമിതി അംഗവുമായ ബാബു നഹ്ദി, നൗഷാദ് വാഴയൂർ, ലത്തീഫ് ചീക്കോട് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

