കൊല്ലം പ്രീമിയർ ലീഗ്: ജേഴ്സി ആൻഡ് ട്രോഫി ലോഞ്ചിങ് വെള്ളിയാഴ്ച ദമ്മാം ലുലുവിൽ
text_fieldsകൊല്ലം പ്രീമിയർ ലീഗ്, കൊല്ലം പൈതൃകം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ദമ്മാം: കൊല്ലം പ്രീമിയർ ലീഗും (കെ.പി.എൽ) കൊല്ലം പൈതൃകവും സംയുക്തമായി ഒക്ടോബർ 30, 31 തീയതികളിൽ കാനൂ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന കൊല്ലം പ്രീമിയർ ലീഗ് സീസൺ സിക്സിന്റെ ജേഴ്സി ആൻഡ് ട്രോഫി ലോഞ്ചിങ് സെർമണി 24ന് വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മുതൽ ദമ്മാം ലുലു ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ടൂർണമെന്റ് ഉദ്‌ഘാടന പരിപാടിയിൽ പിന്നണി ഗായിക അഭയാ ഹിരൻ മയിയും, സോഷ്യൽ മീഡിയ വൈറൽ താരം ഹിഷാം അങ്ങാടിപ്പുറവും അതിഥികളായി എത്തുന്ന സംഗീത സന്ധ്യ ഉണ്ടായിരിക്കും. കിഴക്കൻ പ്രവിശ്യയിൽ ക്രിക്കറ്റിന് സമഗ്ര സംഭാവനകൾ ചെയ്ത കളിക്കാർക്കായി പൈതൃകം നൽകുന്ന സ്പെഷ്യൽ അവാർഡ് ചടങ്ങിൽ വിതരണം ചെയ്യും. കൊല്ലം പ്രീമിയർ ലീഗ് ഈ വർഷം മുതൽ നടപ്പിലാക്കുന്ന ജീവകാരുണ്യ അവാർഡ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി നസീർ വെളിയിലിന് സമർപ്പിക്കും.
പ്രമുഖ ബിസിനസുകാരനായ ഇദ്ദേഹം ജീവകാരുണ്യ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്. കെ.പി.എൽ സീസൺ സിക്സിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ ഏറ്റവും നിർധനമായ ഒരു കുടുംബത്തിന് വീട് വെച്ച് നൽകാനും ആ കുടുംബത്തിലെ രണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാനും കെ.പി.എൽ തീരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.
നാട്ടിൽ നിന്നും സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കൊല്ലം ജില്ലക്കാരായ ക്രിക്കറ്റ് താരങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന കെ.പി.എൽ സീസൺ സിക്സ് ടൂർണമെന്റിൽ ജെ.കെ കരുനാഗപ്പള്ളി ഹിറ്റേഴ്സ്, കൊട്ടാരക്കര ഇലവൻ സ്റ്റാർസ്, റാണൂർ റിവഞ്ചേഴ്സ്, കൊല്ലൂർവിള നൈറ്റ് റൈഡേഴ്സ്, തേവലക്കര എയ്സ് യുനൈറ്റഡ്, ചടയമംഗലം അസ്ട്രോസ്, കടയ്ക്കൽ കെൻസ, ഓടനാവട്ടം ബ്ലാസ്റ്റേഴ്സ്, അഞ്ചൽ വരിയെഴ്‌സ്, പുനലൂർ സ്മാഷേഴ്സ് എന്നീ ടീമുകൾ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെ.പി.എൽ ചെയർമാൻ നജീം ബഷീർ, ജനറൽ കൺവീനർ ഷൈജു വിളയിൽ, ട്രസ്റ്റി ബിജു അബ്ദുൽ അസീസ്, രക്ഷാധികാരികളായ സുരേഷ് റാവുത്തർ, നൗഷാദ് തഴവ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

