കാറോടിക്കുന്നതിനിടെ മസ്തിഷ്കാഘാതം, റിയാദിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു
text_fieldsറിയാദ്: കാറോടിക്കുന്നതിനിടെ സ്ട്രോക്ക് ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി (51) ആണ് അന്തരിച്ചത്. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയായിരുന്നു മരണം.
20 വർഷമായി റിയാദിൽ ടാക്സി ഡ്രൈവറായിരുന്നു. ഈ മാസം 11-ന് വാഹനമോടിക്കുന്നതിനിടെ സ്ട്രോക്ക് അനുഭവപ്പെട്ടതിനെത്തുടർന്ന് റിയാദ് ഒലയയിലെ ദല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെയാണ് മരണം സ്ഥിരീകരിച്ചത്. പത്തനംതിട്ട കശ്ശാഫുൽ ഉലൂം അറബിക് കോളജ് പൂർവ വിദ്യാർഥിയാണ്.
ശൂരനാട് വല്യത്ത് അബ്ദുൽ മജീദാണ് പിതാവ്. മാതാവ് അദബിയ ബീവി. ഭാര്യ: ഷീജ. ആയിഷ, ഫിദ, അമീൻ എന്നിവർ മക്കളാണ്. അബ്ദുൽ കരീം, ഫിറോസ്, ഷാഹുൽ ഹമീദ് എന്നിവർ സഹോദരങ്ങളാണ്.
മൃതദേഹം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം എക്സിറ്റ് 15-ലെ അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കും.
നിയമനടപടികൾ പൂർത്തിയാക്കാൻ ബന്ധുക്കളായ നസീം, സലീം, സുഹൃത്ത് ബഷീർ എന്നിവരോടൊപ്പം സാമൂഹികപ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ശിഹാബ് മൗലവി, ഷാജി രാവുത്തർ എന്നിവരും കെ.എം.സി.സി പ്രവർത്തകരും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

