റിയാദിന് സമീപം കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
text_fieldsറിയാദ്: സൗദി മധ്യപ്രവിശ്യയിൽ റിയാദിൽനിന്ന് 150 കിലോമീറ്റർ അകലെ ഹുത്ത ബനീ തമീമിന് സമീപം കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് മലയാളി യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മലയാളി യുവാവിന് പരിക്കേറ്റു. കൊല്ലം ശാസ്താംകോട്ട കുമരംചിറ കോട്ടക്കാട്ടുമുക്ക് സ്വദേശി വലിയ വീട്ടിൽ മുഹമ്മദ് കുഞ്ഞിയുടെയും ലൈല ബീവിയുടെയും മകൻ മുഹമ്മദ് റാശിദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാട്ടുകാരൻ നാസിം പെരുവയലിനെ പരിക്കുകളോടെ ഹുത്ത ബനീ തമീം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ (ശനിയാഴ്ച) രാത്രി ഒമ്പതിനാണ് സംഭവം.
ഹുത്ത ബനീ തമീമിന് അടുത്തുള്ള ഹരീഖ് പട്ടണത്തിൽ നിന്ന് റിയാദിലെ അൽഹൈയിറിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഹരീഖിൽനിന്ന് 55 കിലോമീറ്റർ പിന്നിട്ട് വിജനമായ സ്ഥലത്താണ് കാർ മറിഞ്ഞത്. മരിച്ച മുഹമ്മദ് റാശിദ് അവിവാഹിതനാണ്. സഹോദരങ്ങളായ ജിഷാർ, റിയാസ് എന്നിവർ ഹരീഖിൽ ജോലി ചെയ്യുന്നു. ഏക സഹോദരി: റജീന. പിതാവ് മുഹമ്മദ് കുഞ്ഞി ദീർഘകാലം റിയാദിൽ പ്രവാസിയായിരുന്നു.
മുഹമ്മദ് റാശിദ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സജീവ പ്രവർത്തകനാണ്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കാൻ ഹുത്ത ബനീ തമീം കെ.എം.സി.സി പ്രവർത്തകരും റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂരും ഒ.ഐ.സി.സി പ്രവർത്തകൻ നാസർ ലെയ്സും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

