കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ വാർഷികാഘോഷത്തിന് തുടക്കമായി
text_fieldsറിയാദ്: കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ആഗോള കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടത്തിെൻറ 10ാം വാർഷികത്തിന് തുടക്കമായി. മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ച് അയച്ച ശബ്ദ സന്ദേശം കൊയിലാണ്ടി കൂട്ടം ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമിട്ടത്.
ലോഗോ പ്രകാശനം പ്രശസ്ത സിനിമ താരങ്ങളായ ലെന, സോണിയ മൽഹാർ, ജയരാജ് വാര്യർ, നിർമൽ പാലാഴി, ഗായകൻ ജാസി ഗിഫ്റ്റ് എന്നിവർ ചേർന്ന് നിർവഹിച്ചു. വിവിധ ചാപ്റ്ററുകൾ ചേർന്ന് 10 ചാരിറ്റി പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കൊയിലാണ്ടിയുടെ ചരിത്രവും പ്രശസ്തരായ എഴുത്തുകാരുടെയും അംഗങ്ങളുടെയും രചനകൾ, വിവിധ ചാപ്റ്ററുകളുടെ നാടുകളിലെ വിവരങ്ങൾ എല്ലാം ഉൾക്കൊള്ളിച്ച് സുവനീർ പ്രസിദ്ധീകരിക്കൽ, കൊയിലാണ്ടി സർക്കാർ ആശുപത്രിയിൽ ഭക്ഷണ വിതരണം, ഓൺലൈനിലും ഓഫ്ലൈനിലുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ കലാസാംസ്കാരിക പരിപാടികൾ എന്നിവ നടക്കും.
കൊയിലാണ്ടി കൂട്ടം സ്ഥാപകനും ഗ്ലോബൽ ചെയർമാനുമായ എസ്.പി.എച്ച്. ശിഹാബുദ്ദീൻ, വൈസ് ചെയർമാൻ പവിത്രൻ കൊയിലാണ്ടി, വിവിധ ചാപ്റ്റർ ചെയർമാന്മാരായ കെ.ടി. സലീം (ബഹ്റൈൻ ചാപ്റ്റർ), എ. അസീസ് (കൊയിലാണ്ടി ചാപ്റ്റർ), ജലീൽ മഷ്ഹൂർ (യു.എ.ഇ ചാപ്റ്റർ), ഫൈസൽ മൂസ (ഖത്തർ ചാപ്റ്റർ), റാഫി കൊയിലാണ്ടി (റിയാദ് ചാപ്റ്റർ), ശിഹാബ് കൊയിലാണ്ടി (ദമ്മാം ചാപ്റ്റർ), നിയാസ് അഹമ്മദ് (ഒമാൻ ചാപ്റ്റർ), ചന്ദ്രു പൊയിൽക്കാവ് (ബാംഗ്ലൂർ ചാപ്റ്റർ) എന്നിവർ അറിയിച്ചു. ജനപ്രതിനിധികളും അഭ്യുദയകാംക്ഷികളും ഗ്ലോബൽ കൗൺസിൽ നേതാക്കളും വിവിധ ചാപ്റ്റർ പ്രതിനിധികളും അടങ്ങുന്ന 101 അംഗ സ്വാഗതസംഘത്തിെൻറയും ഒരുവർഷം നീണ്ടുനിൽക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും വിശദവിവരങ്ങൾ ഉടനെ പ്രഖ്യാപിക്കുമെന്നും അവർ അറിയിച്ചു.

