ജനമനസ്സറിഞ്ഞ് പ്രിയനേതാവിനൊപ്പം: പ്രവാസിയുടെ അനുഭവങ്ങൾ
text_fieldsപ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴും നഷ്ടപ്പെട്ടുപോകാറുള്ളത് ജന്മനാട്ടിലെ ഉത്സവങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ ജനാധിപത്യത്തിന്റെ വലിയ ഉത്സവമായ തെരഞ്ഞെടുപ്പ് കാലം. നീണ്ട കാത്തിരിപ്പിനൊടുവിൽ, കേരളം ഉറ്റുനോക്കുന്ന അതിനിർണായകമായ ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകാൻ കഴിഞ്ഞത് വലിയ നിയോഗമായി ഞാൻ കരുതുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തവനൂർ, ബേപ്പൂർ, പൊന്നാനി മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു.
എന്നാൽ, കൂടുതൽ സമയവും ചെലവഴിച്ചത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിലായിരുന്നു. അവിടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ നേരിട്ട് ബോധ്യപ്പെട്ട ഒരു കാര്യമുണ്ട്. കേരളത്തിലുടനീളം യു.ഡി.എഫ് തരംഗം അലയടിക്കുന്നുണ്ട്.
കഴിഞ്ഞ 10 വർഷത്തെ എൽ.ഡി.എഫ് ഭരണം ജനങ്ങളെ അത്രമേൽ പൊറുതിമുട്ടിച്ചിരിക്കുന്നുവെന്നത് തർക്കമില്ലാത്ത കാര്യമാണ്. വികസന മുരടിപ്പ്, സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട്, മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ധാർഷ്ട്യം നിറഞ്ഞ സമീപനം എന്നിവയെക്കുറിച്ചൊക്കെ സാധാരണക്കാരായ ജനങ്ങൾക്ക് കൃത്യമായ ബോധ്യമുണ്ട്. ഈ ദുർഭരണത്തിൽ നിന്ന് മോചനം നേടി യു.ഡി.എഫിന്റെ കീഴിൽ നല്ല കാലം തിരികെവരുമെന്ന് അവർ ആഗ്രഹിക്കുന്നു.
വി.ഡി. സതീശൻ എന്ന കരുത്തനായ നേതാവിനൊപ്പം പറവൂരിലെ വീടുകളിലും മാർക്കറ്റുകളിലും പൊതു ഇടങ്ങളിലും വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർഥിക്കാൻ സാധിച്ചു. ആ യാത്രയിൽ എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാഴ്ചയുണ്ട്. മണ്ഡലത്തിലെ ഓരോ മനുഷ്യരെയും പേരെടുത്ത് വിളിച്ചും കുശലം ചോദിച്ചും അദ്ദേഹം മുന്നോട്ട് പോകുമ്പോൾ, ആരോടും അദ്ദേഹം ‘വോട്ട് വേണം’ എന്ന് പ്രത്യേകം അഭ്യർഥിക്കുന്നില്ല! ഇതേക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ലളിതമായിരുന്നു: ‘പറവൂരിലെ ജനങ്ങൾക്ക് എന്നെ വിശ്വാസമാണ്, എനിക്ക് അവരെയും.’
ലോക്സഭ, തദ്ദേശ, ഉപതെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് വിജയതന്ത്രങ്ങൾ ഒരുക്കി മുന്നിൽ നിന്ന് നയിച്ച തങ്ങളുടെ പ്രിയ നേതാവ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ പറവൂർ നിവാസികളെപ്പോലെ കേരളവും അക്ഷമയോടെ കാത്തിരിക്കുകയാണ്. ഈ വലിയ മാറ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നതാണ് പ്രവാസി എന്ന നിലയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ സംതൃപ്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

