ഭയപ്പെടാതെ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പോരാടണം –കെ.എം. ഷാജി എം.എൽ.എ
text_fieldsറിയാദ്: വർത്തമാനകാല ഇന്ത്യയിലെ ഭീഷണമായ സാഹചര്യത്തിൽ ജനാധിപത്യ, മതേതരവിരുദ്ധമായ നീക്കങ്ങൾക്കെതിരെ ഭയപ്പെടാതെ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പോരാടുക മാത്രമാണ് രക്ഷയെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി എം.എൽ.എ. സി.എ.എ, എൻ.ആർ.സി വിഷയങ്ങളിൽ നാം ചകിതരാവരുത്. സ്വന്തം രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചുതന്നെ പോരാട്ടം നടത്തി ഫാഷിസ്റ്റുകളെ പരാജയപ്പെടുത്തണം.
നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിലെല്ലാം തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സംഘ്പരിവാറിനെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ കൂടി ജനാധിപത്യകക്ഷികൾ ചേർന്ന് പരാജയപ്പെടുത്തിയാൽ രാജ്യസഭയിലെ ഭൂരിപക്ഷം നഷ്ടപ്പെടുമെന്നും ഏകപക്ഷീയമായ നിയമനിർമാണം ബി.ജെ.പി ഭരണകൂടത്തിന് അസാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഭയപ്പെടാതെ നെഞ്ചുനിവർത്തി, രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി കാപട്യം കാണിക്കുന്നവരെ കൂടി തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം. റിയാദ് കെ.എം.സി.സി കണ്ണൂർ ജില്ലകമ്മിറ്റിയുടെ 30ാം വാർഷികവും ഇ. അഹമ്മദ് അനുസ്മരണവും പരിപാടിയിൽ മുഖ്യാതിഥിയായി പെങ്കടുക്കുകയായിരുന്നു അദ്ദേഹം.
റിയാദ് അസീസിയ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിലെ അരിയിൽ ഷുക്കൂർ നഗറിൽ നടന്ന പരിപാടി സൗദി കെ.എം.സി.സി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. യു.പി. മുസ്തഫ 30ാം വാർഷിക പദ്ധതികളുടെ പ്രഖ്യാപനം നടത്തി. ഇ. അഹമ്മദ് മെമ്മോറിയൽ എക്സലൻസി അവാർഡ് സിദ്ദീഖ് തുവ്വൂരിന് കെ.എം. ഷാജി സമ്മാനിച്ചു. കെ.എം.സി.സി കണ്ണൂർ ജില്ലകമ്മിറ്റി രൂപവത്കരണ കാലം മുതൽ പ്രവർത്തനരംഗത്തുള്ള റസാഖ് വളക്കൈ, ഇബ്രാഹിം അൽഅമീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
മലയാളം ചാനൽ സംഘടിപ്പിച്ച പ്രൗഡ് ടു ബി ഇന്ത്യൻ ക്വിസ് മത്സര വിജയികളായ അക്മൽ എം. ഹാരിഫ്, മുഹമ്മദ് ജാസിം എന്നിവരെയും അധ്യാപകനായ ജാബിർ തയ്യിലിനെയും ആദരിച്ചു. ഷഫീഖ് കൂടാളി ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു. സി.പി. മുസ്തഫ, അബ്ദുസ്സലാം, ജലീൽ തിരൂർ, യഹ്യ സഫാ മക്ക, എൻ.സി. മുഹമ്മദ്, അബ്ദുൽ ഖാദർ, അഭിലാഷ്, സഅദുദ്ദീൻ സ്വലാഹി, അബൂബക്കർ മാങ്കടവ്, സമീർ മുഹമ്മദ്, മുഹമ്മദ് ബുഷ്ർ, ഷൗക്കത്ത് എന്നിവർ പങ്കെടുത്തു. 30ാം വാർഷിക പദ്ധതികളുടെ ഫണ്ട് സമാഹരണം എൻജി. ഹുസൈനലി ഉദ്ഘാടനം ചെയ്തു. അൻവർ വാരം സ്വാഗതവും യാക്കൂബ് തില്ലങ്കേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
