കെ.എം.സി.സിയുടെ സഹായഹസ്തം; നാടണഞ്ഞ് തമിഴ്നാട് സ്വദേശി മഹേഷ് രാമലിംഗം
text_fieldsമഹേഷ് രാമലിംഗം
നജ്‌റാൻ: ഹൃദയാഘാതത്തെ തുടർന്ന് മൂന്നുമാസമായി നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിൽ കോമ സ്റ്റേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മഹേഷ് രാമലിംഗം കെ.എം.സി.സി നജ്‌റാൻ ഹെൽപ് ഡെസ്ക് സഹായത്തോടെ നാട്ടിലെത്തി. നാലുവർഷമായി താമസരേഖയുടെ (ഇഖാമ) അവധി കഴിഞ്ഞിരിക്കുന്ന വ്യക്തിയായിരുന്നു മഹേഷ്. നജ്റാനിലെ ഒരു കൃഷി സ്ഥലത്തായിരുന്നു ജോലി.
സ്പോൺസർ കൃത്യമായി ശമ്പളം കൊടുക്കാതെ പ്രയാസകരമായ അവസ്ഥയിലിരിക്കുമ്പോഴാണ് ഇദ്ദേഹത്തിന് ഗുരുതരമായ ഹൃദയരോഗം പിടിപെടുന്നത്. മറ്റൊരാവശ്യവുമായി ആശുപത്രിയിലെത്തിയ കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം ഉപ്പളയോട് അവിടെയുള്ള നഴ്സുമാരാണ് ഇങ്ങനെ ഒരാള്‍ അഡ്മിറ്റ് ആയ വിവരം അറിയിച്ചത്.
ആശുപത്രി എമർജൻസി വിഭാഗത്തിൽ അബോധാവസ്ഥയിൽ ആയിരുന്നു അദ്ദേഹം ഉണ്ടായിരുന്നത് പിന്നീട് പലതവണ സലീം ഉപ്പള ആശുപത്രിയിൽ സന്ദർശനം നടത്തിയെങ്കിലും നിലവിലെ സ്ഥിതിയിൽ വലിയ മാറ്റമുണ്ടായിരുന്നില്ല. ഒരു മാസത്തിനു ശേഷമാണ് അദ്ദേഹത്തിന് ബോധം വരികയും റൂമിലേക്ക് മാറ്റുകയും ചെയ്തത്.
സലീം ഉപ്പള അവിടെ എത്തി കാര്യങ്ങൾ അന്വേഷിക്കുകയും സ്പോൺസറുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ സ്‌പോൺസറുടെ നിസ്സഹകരണം കാര്യങ്ങൾ സങ്കീർണ്ണമാക്കി. പാസ്പോർട്ട് കാലാവധി കഴിഞ്ഞതും നാട്ടിൽ പോക്ക് പ്രയാസകരമാക്കി. പാസ്പോർട്ട് പുതുക്കാൻ ആവശ്യമായ മുഴുവൻ പേപ്പർ വർക്കുകളും ചെയ്തതിനു ശേഷം ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ബന്ധപ്പെടുകയും പാസ്പോർട്ട് ശരിയാക്കാൻ അപേക്ഷ കൊടുക്കുകയും ചെയ്തു.
പിന്നീട് പാസ്പോർട്ടിന്റെ അപേക്ഷകന്‍ നേരിട്ട് എത്തണമെന്ന് കോൺസുലേറ്റ് അവശ്യ പ്രകാരം സലീം ഉപ്പള ഏര്‍പ്പാട് ചെയ്ത വ്യക്തി അദ്ദേഹത്തെ ജിദ്ദയിലേക്ക് അനുഗമിക്കുകയും പാസ്പോർട്ട് തരപ്പെടുത്തി കൊടുക്കുകയും ചെയ്തു. തുടർന്ന് നജ്റാനിലെ തർഹീൽ വഴി ഫൈനൽ എക്സിറ്റ് അടിച്ച് അദ്ദേഹത്തെ നാട്ടിലേക്ക് യാത്രയാക്കി.
മഹേഷ് രാമലിംഗത്തിന് ആവശ്യമായ സാമ്പത്തിക സഹായങ്ങൾക്കും കെ.എം.സി.സി നജ്റാന്‍ റീലിഫ് കമ്മിറ്റി നേതൃത്വം നൽകി. ഇതിൽ സഹകരിച്ച എല്ലാവർക്കും കെ.എം.സി.സിയുടെ നന്ദി അറിയിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

