പുസ്തക പുതുമണം പരത്തി കെ.എം.സി.സിയുടെ 'ബിബ്ലിയോസ്‌മിയ'
text_fields‘ബിബ്ലിയോസ്‌മിയ’ പുസ്തക പ്രദർശനം വയനാട് ജില്ല മുസ്‌ലിം ലീഗ് ട്രഷറർ എം.എ. മുഹമ്മദ് ജമാൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പുസ്തകത്തിന്റെ പുതുമണം പരത്തി റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ഒരുക്കിയ 'ബിബ്ലിയോസ്‌മിയ' വേറിട്ട അനുഭവം സമ്മാനിച്ചു. പുസ്തക പ്രദർശനവും വിൽപനയും പുസ്തക ചർച്ചയും സാംസ്കാരിക സമ്മേളനവും ഡോക്യുമെന്ററി പ്രദർശനവുമൊക്കെയായി ഒരു ദിവസം നീണ്ടുനിന്ന പരിപാടിയാണ് ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്നത്. പുസ്തക പ്രദർശനം വയനാട് മുസ്‌ലിം ഓർഫനേജ് ജനറൽ സെക്രട്ടറിയും വയനാട് ജില്ല മുസ്‌ലിം ലീഗ് ട്രഷററുമായ എം.എ. മുഹമ്മദ് ജമാൽ ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രതിഫലനമാണ് നന്മയെന്നും കരുണയും സ്നേഹവും ആർദ്രതയും നിറഞ്ഞ മനുഷ്യരെ സൃഷ്ടിക്കുന്നതിൽ സാഹിത്യത്തിനുള്ള പങ്ക് വിലമതിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി വയനാട് മുട്ടിൽ ഓർഫനേജ് ലൈബ്രറിയിലേക്ക് അരലക്ഷം രൂപയുടെ പുസ്തകം കൈമാറുന്നതിന്റെ പ്രഖ്യാപനം സൗദി കെ.എം.സി.സി നാഷനൽ സെക്രട്ടേറിയറ്റ് അംഗം ഉസ്മാൻ അലി പാലത്തിങ്ങൽ നിർവഹിച്ചു. സഫാരി ചാനലിൽ സംപ്രേഷണം ചെയ്ത സന്തോഷ് ജോർജ് കുളങ്ങരയുടെ 'സഞ്ചാര'ത്തിലെ സൗദി അറേബ്യയെ കുറിച്ചുള്ള ഡോക്യുമെന്ററി സദസ്സിൽ പ്രദർശിപ്പിച്ചു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ അഹമ്മദ് നജാത്തി ഉദ്ഘാടനം ചെയ്തു. തീക്ഷ്ണമായ അനുഭവങ്ങൾ തേച്ചുമിനുക്കി മനോഹരമാക്കി ആവിഷ്കരിക്കുന്നതോടെ നല്ല സാഹിത്യരചനകൾ പിറവിയെടുക്കുമെന്നും ഇന്ന് ധാരാളം അവസരങ്ങളാണ് എഴുത്തുകാർക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. അവ ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കേണ്ടതുണ്ട്.
വായനയുള്ള ഒരു സമൂഹത്തിൽനിന്നാണ് ആർദ്രതയുടെ സുഗന്ധം പരക്കുന്നത്. ഇന്ന് ഗൾഫ് നാടുകളിൽ ഇതുപോലുള്ള സാഹിത്യ ചർച്ചകളും സംവാദങ്ങളും ധാരാളം നടക്കുന്നുണ്ട്. അതുവഴി ധാരാളം പുസ്തകങ്ങളും പിറവിയെടുക്കുന്നു. ഊഷരമായ പ്രവാസത്തെ കുളിരാക്കി മാറ്റാൻ ഇത്തരം പരിപാടികൾ ഉപകരിക്കുമെന്നും തുടർന്നും സർഗാത്മക ഇടങ്ങളാൽ പ്രവാസലോകം സമ്പന്നമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ജില്ല ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷത വഹിച്ചു. വി.ജെ. നസ്റുദ്ദീൻ, നജീം കൊച്ചുകലുങ്ക്, നൗഫൽ പാലക്കാടൻ, ഷംനാദ് കരുനാഗപ്പള്ളി, കെ. കോയാമു ഹാജി, മുഹമ്മദ് കോയ തങ്ങൾ, റാഫി പാങ്ങോട്, ഷിബു ഉസ്മാൻ എന്നിവർ സംസാരിച്ചു. റിയാദ് പുസ്തകമേളയിൽ പ്രകാശിതമായ പ്രവാസികളായ എഴുത്തുകാരുടെ മൂന്നു കവിതാസമാഹാരങ്ങളെ പരിചയപ്പെടുത്തലും ചർച്ചയും നടന്നു.
സബീന എം. സാലിയുടെ 'പ്രണയമേ കലഹമേ' ഷാഫി ചിറ്റത്തുപാറയും കമർബാനു അബ്ദുസ്സലാമിന്റെ 'ഗുൽമോഹറിതളുകൾ' ഷാഫി കരുവാരകുണ്ടും നിഖില എൻ. ഷമീറിന്റെ 'അമേയ' അഷീഖ ഉലുവാനും 'ഇ. അഹമ്മദ് സ്മരണിക' സത്താർ താമരത്തും സദസ്സിന് പരിചയപ്പെടുത്തി. പുസ്തക രചയിതാക്കൾ ചർച്ചയിൽ പങ്കെടുക്കുകയും സംവദിക്കുകയും ചെയ്തു.ജില്ല ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് സ്വാഗതവും സെക്രട്ടറി ശരീഫ് അരീക്കോട് നന്ദിയും പറഞ്ഞു. മുനീർ വാഴക്കാട്, അഷ്റഫ് മോയൻ, റഫീഖ് മഞ്ചേരി, യൂനുസ് കൈതക്കോടൻ, ഹമീദ് ക്ലാരി, അമീർ പൂക്കോട്ടൂർ, എം.പി. മുസമ്മിൽ, ബാബു മഞ്ചേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

