അടിപിടിക്കൊടുവിൽ ജിദ്ദ കെ.എം.സി.സി കമ്മിറ്റി കാലാവധി ദീർഘിപ്പിച്ചു
text_fieldsജിദ്ദ: മെയ് 12ന് നടന്ന കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കൗൺസിൽ യോഗം സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് പുതിയ കമ്മിറ്റി രൂപവത്കരണം നടക്കാത്തതിനാൽ നിലവിലെ കമ്മിറ്റിയോട് തുടരാൻ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നിർദേശിച്ചു. സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ട പ്രകാരം റിട്ടേണിംഗ് ഓഫീസർ നൽകിയ റിപോർട്ടിെൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന മുസ്‌ലിംലീഗ് പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഈ തീരുമാനം കൈകൊണ്ടത് എന്ന് നാഷനൽ കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
റമദാന് ശേഷം കൗൺസിൽ വീണ്ടും വിളിച്ചുചേർക്കും. അതുവരെ നിലവിലുള്ള സെൻട്രൽ കമ്മിറ്റി പ്രവർത്തനം തുടരും. മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും സംഘടനക്കും നേതാക്കൾക്കും ദോഷകരമാവുന്ന അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നത് കർശനമായി വിലിക്കിയിട്ടുണ്ടെന്നും സംഘടനയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ കൂട്ടായ ശ്രമം നടത്തണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് ആവശ്യപ്പെട്ടതായും നാഷണൽ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
മെയ് 12^ന് പുതിയ കൗൺസിലർമാരെ തെരഞ്ഞെടുക്കാൻ ജിദ്ദയിൽ ചേർന്ന യോഗം അഭിപ്രായഭിന്നതയെ തുടർന്ന് സംഘർഷത്തിൽ കലാശിച്ചിരുന്നു.
അന്ന് ചേർന്ന യോഗത്തിൽ നിലവിലെ കമ്മിറ്റി പിരിച്ചു വിട്ട് പുതിയ കമ്മിറ്റി രൂപവത്കരിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് കൈയാങ്കളിയും ബഹളവും ഉണ്ടായത്.
നാഷനൽ കമ്മിറ്റി പ്രതിനിധികളായ അഷ്റഫ് വേങ്ങാട്ട്, ഷാജി ആലപ്പുഴ, ബഷീർ മൂന്നിയൂർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം സംഘർഷത്തിന് വഴിമാറിയത്. സമവായത്തിലൂടെ കമ്മിറ്റി രൂപവത്കരിക്കുന്നതിെൻറ ഭാഗമായി ജംബോ കമ്മിറ്റി ഉണ്ടാക്കാൻ നടത്തിയ ശ്രമമാണ് തെറിവിളിയും അടിപിടിയുമായി മാറിയത്. ഇതോടെ നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പും അനിശ്ചിതമായി നീളുകയാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഏരിയാകമ്മിറ്റികൾ പിടിച്ചടക്കാൻ കെ.എം.സി.സിയിലെ വിവിധ ഗ്രൂപ്പുകൾ മത്സരത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.