കെ.എം.സി.സി യാംബു സ്പോർട്സ് ഫെസ്റ്റിവലിന് പ്രൗഢ സമാപനം
text_fieldsകെ.എം.സി.സി യാംബു 'സ്പോർട്സ് ഫെസ്റ്റിവൽ സീസൺ നാല്' വടംവലി മത്സരത്തിൽ
ജേതാക്കളായ റദ് വ ഗൾഫ് യുനീക് എഫ്.സി ടീം ട്രോഫിയുമായി
യാംബു: സൗദിയുടെ 95ാം ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സ്പോർട്സ് ഫെസ്റ്റിവൽ സീസൺ നാല്' സമാപിച്ചു. കുട്ടികൾക്കും കുടുംബങ്ങൾക്കും വൈവിധ്യമാർന്ന മത്സരങ്ങളും യാംബുവിലെ വിവിധ ക്ലബുകളുടെ കീഴിലുള്ള പ്രമുഖരായ ടീമുകൾ മാറ്റുരച്ച ഷൂട്ട് ഔട്ട്, വടവലി മത്സരങ്ങളും മേളക്ക് ആവേശം പകർന്നു. മേളയിലെ വർധിച്ച ജനപങ്കാളിത്തം യാംബുവിലെ പ്രവാസി മലയാളികൾക്കിടയിലുള്ള കൂട്ടായ്മയുടെ മികവും കായികക്ഷമതയും കുടുംബങ്ങളുടെ സൗഹൃദവും വിളിച്ചോതുന്നതായിരുന്നു.
യാംബു റദ് വ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കായിക മേളയിൽ വിവിധ ക്ലബുകൾക്ക് കീഴിലുള്ള 10 ടീമുകൾ മാറ്റുരച്ച വടംവലി മത്സരത്തിൽ റദ് വ ഗൾഫ് യുനീക് എഫ്.സി ടീം ജേതാക്കളായി. അക്നെസ് എഫ്.സി ടീം റണ്ണർ അപ്പ് ആയി. 16 ടീമുകൾ പങ്കെടുത്ത ഷൂട്ട്ഔട്ട് മത്സരത്തിൽ മലബാർ എഫ്.സി ടീം ഒന്നാം സ്ഥാനവും സനയ്യ എഫ്.സി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യാംബു അൽ മനാർ സ്കൂൾ വിദ്യാർഥികൾ പങ്കെടുത്ത ജൂനിയർ വിഭാഗം ഫുട്ബാൾ മത്സരത്തിൽ എ ടീം ഒന്നാം സ്ഥാനവും ബി ടീം രണ്ടാം സ്ഥാനവും നേടി. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും 'ഹീറ്റ് ആൻറ് കൂൾ' എം.ഡി അബ്ദുല്ല, കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് നാസർ നടുവിൽ, സെക്രട്ടറി നിയാസ് പുത്തൂർ, അയ്യൂബ് എടരിക്കോട്, ഷറഫുദ്ദീൻ പാലീരി, വിവിധ സാംസ്കാരിക സംഘടനാ നേതാക്കൾ, വ്യാപാര സ്ഥാപന പ്രതിനിധികൾ, മേളയുടെ കമ്മിറ്റിയംഗങ്ങൾ എന്നിവർ വിതരണം ചെയ്തു.
ഫോർമുല അറേബ്യ കമ്പനി സി.ഇ.ഒ അലി അൽ ഓംറി സ്പോർട്സ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ കരീം താമരശ്ശേരി, സിറാജ് മുസ്ലിയാരകത്ത് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. യാംബുവിലെ വിവിധ രാഷ്ട്രീയ, സാംസ്കാരിക, കായിക സംഘടനാ നേതാക്കളും വ്യാപാര സ്ഥാപന പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
സംഘാടക സമിതി ചെയർമാൻ അലിയാർ മണ്ണൂർ, പ്രോഗ്രാം കൺവീനർ യാസിർ കൊന്നോല, പ്രോഗ്രാം കോഡിനേറ്റർമാരായ ഹമീദ് കാസർകോട്, അബ്ദുൽ കരീം പുഴക്കാട്ടിരി, അഷ്റഫ് കല്ലിൽ, മൻസൂർ ബാബു, മുഹമ്മദ് അലി, റസാഖ് താമരശ്ശേരി, റഫീഖ് വള്ളിയത്ത്, അബ്ബാസ് പാറക്കണ്ണി, ഹനീഫ തോട്ടത്തിൽ, സുബൈർ ചേലേമ്പ്ര, അയ്യൂബ് കാസർകോട്, അസ്സയിൻ പുലിയക്കുത്ത്, ഉബൈസ് കണ്ണൂർ, നൗഫൽ ഒറ്റപ്പാലം, ഷബീർ അരിപ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

