മിനയിൽ ഹാജിമാരെ സേവിച്ച് കെ.എം.സി.സി വളൻറിയർമാർ
text_fieldsമിനയിൽ ഹാജിമാർക്ക് സേവനം ചെയ്യുന്ന കെ.എം.സി.സി ഹജ്ജ് വളൻറിയർമാർ
മക്ക: 165 രാഷ്ട്രങ്ങളിൽ നിന്നെത്തി 10 ലക്ഷം ഹാജിമാർ ഒത്തുചേർന്ന ഹജ്ജിന്റെ കർമഭൂമിയിൽ സൗദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തിൽ നടന്ന സേവനപ്രവർത്തനങ്ങൾ ഹാജിമാരുടെ മനം കവർന്നു. അറഫ സംഗമത്തിൽനിന്ന് ഭക്ഷണ വിതരണത്തോടെ ആരംഭിച്ച സേവനം കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി തുടർന്നു. അസീസിയയിലെ ബിൽഡിങ് നമ്പർ 168ാം കെട്ടിടത്തിലാണ് കെ.എം.സി.സിയുടെ ഹജ്ജ് സെൽ ഹെഡ് ക്വാർട്ടേഴ്സ് പ്രവർത്തിച്ചത്.
വളൻറിയർമാർ താമസിക്കുന്നതും ഇവിടെത്തന്നെയാണ്. അറഫ സംഗമത്തിനുശേഷം മുസ്ദലിഫയിലും മിനയിലുമായാണ് കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നത്. വഴിതെറ്റി അലയുന്ന ഹാജിമാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചുകൊടുക്കാനാണ് കെ.എം.സി.സി വളൻറിയർ കോറിലെ ഏറ്റവും കൂടുതൽ കാഡറ്റുകളെ നിയോഗിച്ചിരിക്കുന്നത്. ഇവർക്കായി കെ.എം.സി.സി മിനയിലെ റോഡുകളും പാലങ്ങളും ടെന്റുകളും ആശുപത്രികളും പ്രത്യേകം അടയാളപ്പെടുത്തിയ മിന മാപ് തന്നെ തയാറാക്കിയിരുന്നു. വീൽചെയറുകളുമായി സേവകർ പ്രായംചെന്നവരും രോഗികളുമായ ഹാജിമാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ സഹായിച്ചു.
മലയാളി ഹാജിമാർക്കായി കഞ്ഞി വിതരണം നടത്തി. ദിവസവും മൂന്നു തവണ കഞ്ഞിയും അച്ചാറും വിതരണം ചെയ്തു. ജിദ്ദ കെ.എം.സി.സിയുടെ അമ്പതോളം വളന്റിയർമാരെയാണ് കഞ്ഞി പാകം ചെയ്യാനും വിതരണത്തിനുമായി നിയോഗിച്ചത്. മഹ്റമില്ലാതെ ഹജ്ജിനെത്തിയ 1,508 ഇന്ത്യൻ സ്ത്രീകളെ കല്ലേറ് കർമം നിർവഹിക്കാൻ തിരക്കിൽപെടാതെ ജംറകളിലേക്ക് കൊണ്ടുപോയതും തിരിച്ച് ടെന്റുകളിലെത്തിച്ചതും കെ.എം.സി.സിയാണ്. വളൻറിയർ ടീമിൽ മക്കയിൽനിന്നുള്ള നിരവധി വനിതകളും സേവനം ചെയ്യുന്നുണ്ട്. ഹജ്ജ് സേവന രംഗത്തുള്ള സൗദി മിലിട്ടറി, പൊലീസ് സേന, അർധസൈനിക വിഭാഗവുമായൊക്കെ സഹകരിച്ചാണ് കൂടാര നഗരിയിൽ കെ.എം.സി.സി സേവനം ചെയ്തത്.
ഇന്ത്യൻ ദേശീയപതാക ഉല്ലേഖനം ചെയ്ത ഇളം പച്ച ജാക്കറ്റും കെ.എം.സി.സിയുടെ പച്ചത്തൊപ്പിയുമണിഞ്ഞ് വളൻറിയർമാർ ലോക രാഷ്ട്രങ്ങളിൽ നിന്നെത്തിയ തീർഥാടകരുടെ മുന്നിൽ ഇന്ത്യയുടെ മഹത്തായ സഹവർത്തിത്വത്തിന്റെ സന്ദേശമായി മാറി. സൗദി കെ.എം.സി.സി ഹജ്ജ് സെൽ ചെയർമാനും ജിദ്ദ ഘടകം പ്രസിഡൻറുമായ അഹമ്മദ് പാളയാട്ട്, ഹജ്ജ് സെൽ ചീഫ് കോഓഡിനേറ്ററും ജിദ്ദ ഘടകം ജനറൽ സെക്രട്ടറിയുമായ അബൂബക്കർ അരിമ്പ്ര, നാഷനൽ കമ്മിറ്റി ട്രഷററും മക്ക ഘടകം പ്രസിഡൻറുമായ കുഞ്ഞിമോൻ കാക്കിയ, സൗദി ഹജ്ജ് സെൽ ജനറൽ കൺവീനറും മക്ക ഘടകം ജനറൽ സെക്രട്ടറിയുമായ മുജീബ് പൂക്കോട്ടൂർ, മറ്റു ഭാരവാഹികളായ വി.പി. മുസ്തഫ, സി.കെ. റസാഖ് മാസ്റ്റർ, വി.പി. അബ്ദുറഹ്മാൻ, ഇസ്മാഈൽ മുണ്ടക്കുളം, എ.കെ. മുഹമ്മദ് ബാവ, ഇസ്ഹാഖ് പൂണ്ടോളി, ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, ഷൗക്കത്ത് ഞാറക്കോടൻ, സുലൈമാൻ മാളിയേക്കൽ, നാസർ കിൻസാര എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

