കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി മൂന്നാംഘട്ട ആനുകൂല്യം വിതരണം ചെയ്തു
text_fieldsകെ.എം.സി.സി നജ്റാൻ അംഗമായിരുന്ന തിരുവനന്തപുരം സ്വദേശി പരേതനായ ഒ.കെ. ഷിബുവിന്റെ കുടുംബത്തിനുള്ള കെ.എം.സി.സി സാമൂഹിക സുരക്ഷ പദ്ധതി സഹായം കൈമാറുന്നു
നജ്റാൻ: കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷാ പദ്ധതിയുടെ മൂന്നാം ഘട്ട ആനുകൂല്യ വിതരണം മലപ്പുറം പാണക്കാട് ഹാദിയ സെൻററിൽ നടന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അർഹരായ കുടുംബങ്ങൾക്ക് ആനുകൂല്യങ്ങൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്ന 400ഓളം പേർക്കും, ഇക്കഴിഞ്ഞ മാസങ്ങളിൽ മരിച്ച 53 അംഗങ്ങളുടെ കുടുംബങ്ങൾക്കുമായി ഏകദേശം നാലര കോടി രൂപയുടെ ധനസഹായമാണ് കെ.എം.സി.സി കേരള ട്രസ്റ്റിന് കീഴിൽ വിതരണം ചെയ്തത്. പ്രവാസി കുടുംബങ്ങൾ അനാഥമാകാതിരിക്കാൻ കെ.എം.സി.സി നടപ്പിലാക്കുന്ന ഈ കാരുണ്യ പദ്ധതി പ്രവാസലോകത്തിന് വലിയ ആശ്വാസമാണ് പകരുന്നത്.
പദ്ധതിയുടെ ഭാഗമായി കെ.എം.സി.സി നജ്റാൻ അംഗമായിരുന്ന തിരുവനന്തപുരം വിതുര സ്വദേശി പരേതനായ ഒ.കെ. ഷിബുവിെൻറ കുടുംബത്തിനുള്ള ഏഴ് ലക്ഷം രൂപയുടെ ചെക്ക് ചടങ്ങിൽ കൈമാറി. 15 വർഷത്തോളം നജ്റാനിൽ വെള്ളം വിതരണം ചെയ്യുന്ന വാഹനത്തിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന ഷിബു, പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം കഴിഞ്ഞ ഡിസംബറിലാണ് ഹൃദയാഘാതം മൂലം മരിച്ചത്. സുരക്ഷ പദ്ധതി നിരീക്ഷകനും കോട്ടക്കൽ എം.എൽ.എയുമായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞിമോൻ കാക്കിയ, കാദർ ചെങ്കള, അഷ്റഫ് വേങ്ങാട്ട്, റഫീഖ് പാറക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ നജ്റാൻ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചെക്ക് ഏറ്റുവാങ്ങി. മുസ്തഫ ഫറോക്ക്, ഉസ്മാൻ കാളികാവ്, ഹമീദ് ചേലേമ്പ്ര, ഷറഫുദ്ദീൻ പൂളപ്പൊയിൽ, അക്ബർ താനൂർ, അസ്കർ ചെട്ടിപ്പടി തുടങ്ങിയവർ സംബന്ധിച്ചു. ഈ തുക വരുംദിവസങ്ങളിൽ ഷിബുവിന്റെ കുടുംബത്തിന് നേരിട്ട് കൈമാറുമെന്ന് നജ്റാൻ കെ.എം.സി.സി മുൻ ആക്ടിങ് പ്രസിഡൻറ് ലുഖ്മാൻ ചേലേമ്പ്ര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

