കെ.എം.സി.സി സോക്കർ ഫെസ്റ്റ്; സമ യുനൈറ്റഡ് ഇത്തിഹാദ് എഫ്.സി ജേതാക്കൾ
text_fieldsകെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ഫെസ്റ്റ് സീസൺ രണ്ട് ഏകദിന സെവൻസ്
ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ സമ യുനൈറ്റഡ്
ഇത്തിഹാദ് എഫ്.സി ടീമിന് ട്രോഫി സമ്മാനിക്കുന്നു
ജിദ്ദ: കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച സോക്കർ ഫെസ്റ്റ് സീസൺ രണ്ട് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സമ യുനൈറ്റഡ് ഇത്തിഹാദ് എഫ്.സി ജേതാക്കളായി. ജിദ്ദ മഹജർ എമ്പറർ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഡെക്സോപാക് ജിദ്ദയെ പരാജയപ്പെടുത്തിയാണ് സമ യുനൈറ്റഡ് ഇത്തിഹാദ് എഫ്.സി ജേതാക്കളായത്.
ജേതാക്കൾക്കുള്ള 4,001 റിയാൽ കാശ് പ്രൈസും അബീർ മെഡിക്കൽ സെന്റർ ട്രോഫിയും ജില്ല പ്രസിഡന്റ് ഇബ്രാഹിം കൊല്ലിയും, റണ്ണേഴ്സിനുള്ള 2,001 റിയാൽ കാശ് പ്രൈസും ക്ലിക്ക് ഓൺ ട്രോഫിയും ജനറൽ സെക്രട്ടറി സൈനുൽ ആബിദീനും സമ്മാനിച്ചു. വാശിയേറിയ മത്സരങ്ങളിൽ അമിഗോസ് എഫ്.സി, സാഗോ എഫ്.സി, വിൻസ്റ്റാർ എഫ്.സി, എഫ്.സി ഫോൺ വേൾഡ്, അബീർ സലാമത്തക് എഫ്.സി, സംസം മദീന എഫ്.സി എന്നീ ടീമുകൾ പങ്കെടുത്തു. ടൂർണമെന്റിലെ ഫെയർ പ്ലേ ടീമായി എഫ്.സി ഫോൺ വേൾഡിനെ തെരഞ്ഞെടുത്തു.
ഫൈനലിലെ മികച്ച താരമായി മുഹമ്മദ് സഹീർ (ഇത്തിഹാദ് എഫ്.സി), ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ നിഹാൽ (ഇത്തിഹാദ് എഫ്.സി), മികച്ച ഡിഫൻഡർ അൻസിൽ (ഇത്തിഹാദ് എഫ്.സി), മികച്ച കളിക്കാരൻ മുഹമ്മദ് ഫാസിൽ (ഡെക്സോപാക് ജിദ്ദ), ടോപ്പ് സ്കോറർ ജൈസൽ (വിൻസ്റ്റാർ എഫ്.സി) എന്നിവരെയും തെരഞ്ഞെടുത്തു. വെറ്ററൻ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഹിലാൽ എഫ്.സിയെ പരാജയപ്പെടുത്തി ഫ്രൈഡേ എഫ്.സി ജേതാക്കളായി. ജേതാക്കൾക്കുള്ള ട്രോഫി ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേലും രണ്ടാം സ്ഥാനക്കാർക്ക് കൺവീനർ സാലിഹ് പൊയിൽതൊടിയും ട്രോഫി സമ്മാനിച്ചു.
കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി.കെ ഹുസൈൻ കുട്ടി, കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ റസാഖ് മാസ്റ്റർ, മലപ്പുറം ജില്ല പ്രസിഡന്റ് ഇസ്മായിൽ മുണ്ടുപറമ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ ഒ.പി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.
സലീം മലയിൽ ഖിറാഅത്ത് നടത്തി. മത്സരങ്ങൾക്ക് മുമ്പ് നടന്ന പരേഡിൽ ജില്ലയിലെ 12 മണ്ഡലം കമ്മിറ്റികൾ അണിനിരന്നു. മുട്ടിപ്പാട്ടും, കെ.എം.സി.സി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി. നസീഹ അൻവർ, ഹാജറ ബഷീർ, ശാലിയ വഹാബ് തുടങ്ങിയവർ നേതൃത്വം നൽകി. സമാപന ചടങ്ങിൽ ചെയർമാൻ സുബൈർ വാണിമേൽ അധ്യക്ഷത വഹിച്ചു. കൺവീനർ സാലിഹ് പൊയിൽതൊടി സ്വാഗതവും ഫിനാൻസ് കൺവീനർ റിയാസ് താത്തോത്ത് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.