മെഡിക്കൽ സേഫ്റ്റി കിറ്റ് വിതരണം ചെയ്ത് കെ.എം.സി.സി
text_fieldsറിയാദ്: ചൊവ്വാഴ്ച റിയാദിൽ നിന്ന് കോഴിക്കോേട്ടക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലെ 152 യാത്രക്കാർക്കും കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മെഡിക്കൽ സേഫ്റ്റി കിറ്റ് വിതരണം ചെയ്തു. രണ്ട് മാസ്കുകൾ, രണ്ട് ജോഡി ഗ്ലൗസുകൾ, ശരീരം മുഴുവൻ കവർ ചെയ്യാൻ കഴിയുന്ന സേഫ്റ്റി ഡ്രസ്, സാനിറ്റൈസർ എന്നിവയടങ്ങിയ 25 റിയാൽ വില വരുന്ന കിറ്റുകളാണ് ഒാേരാ യാത്രക്കാർക്കും നൽകിയത്.
ഇതിനുവേണ്ടി കെ.എം.സി.സി പ്രവർത്തകർ ചൊവ്വാഴ്ച രാവിലെ എട്ടിന് തന്നെ എയർപ്പോർട്ടിൽ എത്തിയിരുന്നു. ഇവരുടെ പ്രവർത്തനത്തിൽ സംതൃപ്തി തോന്നിയ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ട് അധികൃതർ സേഫ്റ്റി കിറ്റ് വിതരണത്തിന് വേണ്ടി പ്രത്യേക കൗണ്ടർ അനുവദിക്കുകയും ചെയ്തു.
എയർപോർട്ട് മാനേജർ അഹമ്മദ് അൽഖഹ്ത്വാനിയും സഹ ഉദ്യോഗസ്ഥരും കൗണ്ടറിലെത്തി കെ.എം.സി.സി പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. വിവിധ ഭാരവാഹികളായ അഷ്റഫ് വേങ്ങാട്ട്, സി.പി. മുസ്തഫ, മുജീബ് ഉപ്പട, സിദ്ദീഖ് തുവ്വൂർ, നൗഷാദ് ചാക്കീരി, മുഹമ്മദ് കണ്ടകൈ, നസീർ മറ്റത്തൂർ, ഹുസൈൻ കൊപ്പം, വനിത കെ.എം.സി.സി വളൻറിയർമാരായ ജസീല മൂസ, ഷഹർബാൻ മുനീർ എന്നിവരാണ് സേഫ്റ്റി കിറ്റ് വിതരണത്തിനും മറ്റ് സന്നദ്ധപ്രവർത്തനങ്ങൾക്കുമായി എയർപോർട്ടിൽ എത്തിയത്. ബുധനാഴ്ച കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനത്തിലെ യാത്രക്കാർക്കും കിറ്റ് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
