കെ.എം.സി.സി സംഘടന തെരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് തുടക്കം
text_fieldsജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ശിൽപശാല പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ‘വിപുലമായ പങ്കാളിത്തം; കരുത്തുറ്റ കമ്മിറ്റികൾ’ എന്ന ശീർഷകത്തിൽ ജിദ്ദ മലപ്പുറം ജില്ല കെ.എം.സി.സി ത്രിതല തെരഞ്ഞെടുപ്പ് സമ്മേളനങ്ങൾക്ക് തുടക്കമായി. വിവിധ പഞ്ചായത്തുകളിലേക്കും മണ്ഡലങ്ങളിലേക്കും നിയോഗിക്കപ്പെട്ട തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസർമാർക്കുള്ള ശിൽപശാല മലപ്പുറം ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എയുമായ പി. അബ്ദുൽ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
നാട്ടിൽ വിവിധ പ്രദേശങ്ങളിലെ സാമൂഹിക, സാംസ്കാരിക ഉന്നമനത്തിൽ കെ.എം.സി.സിയുടെ പങ്ക് വിസ്മരിക്കാൻ കഴിയാത്തതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ഇല്യാസ് കല്ലിങ്ങൽ ആമുഖ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ തെരഞ്ഞെടുപ്പ് ചട്ടങ്ങളും മാർഗനിർദേശങ്ങളും അവതരിപ്പിച്ചു. അഹമദ് പാളയാട്ട്, അബൂബക്കർ അരിമ്പ്ര, വി.പി. മുസ്തഫ, സിറാജ് ചേലേമ്പ്ര, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട് എന്നിവർ സംസാരിച്ചു. റസാഖ് മാസ്റ്റർ, ഇസ്ഹാഖ് പൂണ്ടോളി, ബാവ വേങ്ങര, നാസ്സർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി എന്നിവർ പങ്കെടുത്തു. വി.വി. അശ്റഫ്, സുൽഫീക്കർ ഒതായി, അബ്ബാസ് വേങ്ങൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നൗഫൽ ഉള്ളാടൻ, ഫൈറൂസ്, സുഹൈൽ മഞ്ചേരി, ജംഷീദ്, അഫ്സൽ നാറാണത്ത്, നാസർ മമ്പുറം എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.
നീതിപൂർവകവും കാര്യക്ഷമവുമായ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിന് റിട്ടേണിങ് ഓഫിസർമാരെ പ്രാപ്തരാക്കുന്നതായിരുന്നു ശിൽപശാല. മലപ്പുറം ജില്ല കെ.എം.സി.സി കമ്മിറ്റിക്ക് കീഴിലെ 84 പഞ്ചായത്ത് കമ്മിറ്റികൾ നവംബർ 30നകവും 16 മണ്ഡലം കമ്മിറ്റികൾ ഡിസംബർ 30നകവും ജില്ല കമ്മിറ്റി ജനുവരി 28നകവും പുനഃസംഘടിപ്പിക്കപ്പെടുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് സമയക്രമം.
84 പഞ്ചായത്ത് കമ്മിറ്റികളിലും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ ഉൾപ്പെടെ 14 അംഗ ഭരണസമിതിക്ക് പുറമെ, 755 മണ്ഡലം കൗൺസിലർമാരെയും 292 ജില്ല കൗൺസിലർമാരെയും തെരഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തുമെന്നും കമ്മിറ്റികളിൽ വെൽഫയർ, പബ്ലിക് റിലേഷൻസ്, സോഷ്യൽ മീഡിയ എന്നിവക്കായി പ്രത്യേകം ചുമതലയുള്ള ജോ. സെക്രട്ടറിമാരെ നിശ്ചയിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

