കെ.എം.സി.സി മക്ക സഹായ വിതരണവും സ്വീകരണവും സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി മക്ക കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സഹായ വിതരണവും തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണവും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.
മക്ക/മലപ്പുറം: കെ.എം.സി.സി മക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സഹായ വിതരണവും തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. മലപ്പുറം വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ചടങ്ങ് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. പുണ്യഭൂമിയിലേക്ക് ജോലിതേടിയെത്തുകയും പിന്നീട് ആ നാടിന്റെ പുണ്യം സമൂഹത്തിലേക്ക് പ്രസരിപ്പിക്കുകയും ചെയ്യുന്നവരുടെ സംഘടനയാണ് മക്ക കെ.എം.സി.സിയെന്ന് അദ്ദേഹം പറഞ്ഞു. അല്ലാഹുവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നതിന് പ്രഥമ പരിഗണന കൊടുക്കുന്ന സംഘത്തില്‍ മുസ്‌ലിംലീഗിന് ഏറെ അഭിമാനമാണ്. പാര്‍ട്ടി യോഗങ്ങളില്‍ വലിയ മതിപ്പോടെയാണ് പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാറ്. ജീവകാരുണ്യ മേഖലയില്‍ പുതിയ കാല്‍വെപ്പുകളുണ്ടാകുമ്പോള്‍ അതിന്റെ ആദ്യ സഹായം തേടാറും മക്കയിലെ കെ.എം.സി.സിയോടാണ്. അതില്‍ പാര്‍ട്ടി പ്രത്യേക പുണ്യം കാണുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സി.എച്ച് സെന്ററുകളും മുക്കം എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും ആദ്യവിഹിതം മക്കയില്‍ നിന്നും സ്വീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയതാണ്. മക്ക കെ.എം.സി.സി പദ്ധതിയില്‍ പങ്കാളികളാകുന്നതോടെ ജനകീയമാകുമെന്നും വിജയം സുനിശ്ചിതമാണെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.
മക്ക കെ.എം.സി.സിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായിരിക്കെ മരണപ്പെട്ട 10ഓളം കുടുംബങ്ങള്‍ക്കുള്ള സഹായവും മക്ക കെ.എം.സി.സി ശിഹാബ് തങ്ങള്‍ റിലീഫ് ഫണ്ടില്‍ നിന്നും കേരളത്തിലെ വിവിധ സി.എച്ച് സെന്ററുകള്‍ക്കുള്ള സഹായവും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി വിതരണം ചെയ്തു. മലപ്പുറം ജില്ല മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ഹമീദ് മാസ്റ്റർ എം.എൽ.എ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച മക്ക കെ.എം.സി.സി അംഗങ്ങൾക്കും ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിംലീഗ് പ്രതിനിധികള്‍ക്കുമുള്ള ഉപഹാരം മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. സൈതലവി സമ്മാനിച്ചു. വിവിധ ആനുകൂല്യങ്ങള്‍ പി. ഉബൈദുല്ല എം.എല്‍.എ കൈമാറി. സൗദി നാഷനല്‍ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് കുട്ടി, സുലൈമാന്‍ മാളിയേക്കല്‍, ഹാരിസ് പെരുവള്ളൂര്‍, സക്കീര്‍ കാഞ്ഞങ്ങാട്,. കുഞ്ഞാപ്പ പൂക്കോട്ടൂര്‍, അന്‍സാര്‍ കൊണ്ടോട്ടി, നജ്മ തബ്ഷീറ, സി.കെ. ശാക്കിര്‍, കെ.പി. ജല്‍സീമിയ, സക്കീന പുല്‍പ്പാടന്‍, ഹാജറുമ്മ ടീച്ചര്‍ എന്നിവർ സംസാരിച്ചു. മക്ക കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ സ്വാഗതവും എം.സി. നാസര്‍ നന്ദിയും പറഞ്ഞു. മക്ക കെ.എം.സി.സി മുൻ പ്രസിഡന്റ് പി.വി. അബ്ദുറഹിമാന്‍ വടകര ഖുര്‍ആന്‍ പാരായണം ചെയ്തു. ലക്ഷദ്വീപ് സൂഫി ഗായകന്‍ ളിറാര്‍ അമിനിയുടെ ഗസല്‍ സന്ധ്യ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

