കെ.എം.സി.സി നിയമ സഹായ അദാലത്ത് നാളെ
text_fieldsറിയാദ്: തൊഴിൽപരവും നിയമപരവുമായ വിവിധ വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന പ്രവാസികൾക്ക് ആശ്വാസമായി കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് സൗജന്യ നിയമസഹായ അദാലത്ത് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ബത്ഹയിലെ നൂർ ഓഡിറ്റോറിയത്തിൽ ഉച്ചക്കുശേഷം മൂന്ന് മുതൽ വൈകീട്ട് ഏഴ് വരെയാണ് അദാലത്ത്.
പ്രവാസികൾക്ക് അവരുടെ തൊഴിൽ നഷ്ടം, ശമ്പള കുടിശ്ശിക, ഇഖാമ/വിസാ സംബന്ധമായ പ്രശ്നങ്ങൾ കാരണം നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥ, മറ്റ് നിയമപരമായ തടസ്സങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നേരിട്ട് നിയമ വിദഗ്ധരുമായി സംസാരിക്കാനും സൗജന്യ നിയമോപദേശം നേടാനും ഈ അദാലത്ത് അവസരമൊരുക്കും.
പ്രവാസികളുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്താനും അവരുടെ പ്രശ്നങ്ങൾക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്താനും ഈ അദാലത്ത് സഹായകമാകുമെന്നും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക് പറഞ്ഞു. അദാലത്തിെൻറ നടത്തിപ്പിനായി എല്ലാ ഒരുക്കവും പൂർത്തിയായതായി കൺവീനർ റിയാസ് തിരൂർക്കാട് അറിയിച്ചു.
അദാലത്തിൽ പങ്കെടുക്കാൻ വരുന്നവർ ഇഖാമയുടെയും പാസ്പോർട്ടിെൻറയും കോപ്പി കൈവശം കരുതണമെന്ന് സംഘാടകർ അറിയിച്ചു. ഏതെങ്കിലും കേസുകളുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നവർ അതുമായി ബന്ധപ്പെട്ട രേഖകളും കൊണ്ടുവരുന്നത് വേഗത്തിൽ നിയമസഹായം ലഭിക്കാൻ സഹായിക്കുമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. പ്രവാസികൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കാനുള്ള കെ.എം.സി.സിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ സൗജന്യ അദാലത്ത് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

