കെ.എം.സി.സി ജിദ്ദ സുരക്ഷ പദ്ധതിക്ക് തുടക്കമായി; ഒരുകോടി രൂപ വിതരണം ചെയ്തു
text_fieldsജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതിയുടെ പുതിയ അംഗത്വ കാമ്പയിൻ ഉദ്ഘാടനം ചെയ്തപ്പോൾ
ജിദ്ദ: കെ.എം.സി.സി സുരക്ഷ പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനവും ഫണ്ട് വിതരണവും നടന്നു.ജിദ്ദ കെ.എം.സി.സി ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാരുണ്യ ഹസ്തം കുടുംബസുരക്ഷ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണെപ്പട്ട 13 പേരുടെ ആശ്രിതർക്ക് മരണാനന്തര വിഹിതമായി അഞ്ചുലക്ഷം രൂപ വീതവും വിവിധ രോഗങ്ങളിൽപെട്ട് ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകൾ നടത്തിയ 25 പേർക്കുള്ള ചികിത്സ സഹായവും നാട്ടിലേക്ക് മടങ്ങുന്നവർക്കുള്ള പദ്ധതി വിഹിതമടക്കം ഒരു കോടിയോളം രൂപയാണ് വിതരണം ചെയ്തത്.
പ്രവാസം നിർത്തി നാട്ടിൽപോയവർക്ക് 'പ്രവാസി പെൻഷൻ പദ്ധതി' എന്ന ചരിത്ര പ്രഖ്യാപനവുമായാണ് പുതിയ വർഷത്തെ ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതി അംഗത്വ കാമ്പയിന് തുടക്കം കുറിച്ചത്. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കാരുണ്യഹസ്തം കുടുംബ സുരക്ഷാപദ്ധതിയിലും സൗദി നാഷനൽ കമ്മിറ്റി സാമൂഹിക സുരക്ഷ പദ്ധതിയിലും പുതുതായി അംഗത്വം എടുക്കാനും നിലവിലെ അംഗങ്ങൾക്ക് പുതുക്കുവാനും അവസരമൊരുക്കിക്കൊണ്ടാണ് കാമ്പയിൻ നടക്കുന്നത്.
ഡിസംബർ 15 വരെയായിരിക്കും കാമ്പയിൻ കാലാവധിയെന്നും ഭാരവാഹികൾ അറിയിച്ചു. ജിദ്ദയിൽനിന്നും ഇരു പദ്ധതികളിലുമായി 20,000ത്തോളം അംഗങ്ങളുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.കാമ്പയിൻ ഉദ്ഘാടന ചടങ്ങിൽ പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. നിസാം മമ്പാട്, വി.പി. മുസ്തഫ, റസാഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.സി. കരീം, ഇസ്ഹാഖ് പൂണ്ടോളി, അബ്ദുല്ല പാലേരി, ലത്തീഫ് മുസ്ലിയാരങ്ങാടി, എ.കെ. ബാവ, മജീദ് പുകയൂർ, നാസർ ഒളവട്ടൂർ, സീതി കൊളക്കാടൻ, സിറാജ് കണ്ണവം, സുരക്ഷാ പദ്ധതി സബ് കമ്മിറ്റി നേതാക്കൾ, ഏരിയ, മണ്ഡലം, പഞ്ചായത്ത് നേതാക്കൾ തുടങ്ങിയവർ വേദിയിലും ഓൺലൈനിലും ചടങ്ങിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

