കെ.എം.സി.സി കണ്ണൂർ തസ്വീദ് ക്യാമ്പ് സംഘടിപ്പിച്ചു
text_fields1) കെ.എം.സി.സി റിയാദ് കണ്ണൂർ തസ്വീദ് ക്യാമ്പ് സമാപന
സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു,
2) പി.കെ ഫിറോസ് സംസാരിക്കുന്നു
റിയാദ്: കെ.എം.സി.സി റിയാദ് കണ്ണൂർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നുവന്ന തസ്വീദ് ക്യാമ്പ് സമാപിച്ചു. റിയാദിൽ നടന്ന സമാപന പൊതുസമ്മേളനം സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
സർക്കാർ മെഷിനറികൾക്ക് പോലും ചെയ്യാൻ പറ്റാത്ത വലിയ മാർജിനിലുള്ള പരിപാടികൾ നടത്താൻ മാത്രം ശക്തമാണ് കെ.എം.സി.സിയെന്ന് അദ്ദേഹം പറഞ്ഞു. ഇത് കാലം തെളിയിച്ചതാണ്. കോവിഡ് കാലത്തും പ്രകൃതി ദുരന്ത വേളകളിലുമൊക്കെ നടത്തിയ സാമ്പത്തിക സേവന പ്രവർത്തനങ്ങൾ കേരളീയ സമൂഹം അംഗീകരിച്ചതാണ്. മനുഷ്യത്വത്തോടുള്ള പ്രതിബദ്ധതയും മതഭേദമെന്യേ മാനുഷികതയോടെ പെരുമാറുകയുമാണ് നമ്മുടെ രാഷ്ട്രീയമെന്നും അത് കെ.എം.സി.സി ഉയർത്തിപ്പിടിക്കുന്നതിൽ അഭിമാനമുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
തസ്വീദ് ക്യാമ്പ് ചെയർമാൻ വി.കെ. മുഹമ്മദ് പരിപാടിയിൽ അധ്യക്ഷതവഹിച്ചു. വിവിധ സാമൂഹിക, സാംസ്കാരിക മേഖലയിൽ സ്തുത്യർഹ സേവനം ചെയ്തവർക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ആയിരിക്കെ ബാർ മുതലാളിമാരിൽ നിന്നും വലിയ തുക കോഴ വാങ്ങിയാണ് പഞ്ചായത്ത് രാജ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്ന് ഫിറോസ് ആരോപിച്ചു.
മലയാളം സർവകലാശാലയുടെ ഭൂമി ഇടപാടിലും ചമ്രവട്ടം പദ്ധതിയിലുമെല്ലാം വൻ അഴിമതി നടത്തിയതായി അദ്ദേഹം ആവർത്തിച്ചു. മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി, ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ, കൊല്ലം ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൾഫിക്കർ, കെ.എം.സി.സി സൗദി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി മുസ്തഫ എന്നിവർ സംസാരിച്ചു.
അഷ്റഫ് വേങ്ങാട്, ഷുഹൈബ് പനങ്ങാങ്കര, അബ്ദുൽ മജീദ് പെരുമ്പ, റസാഖ് വളക്കൈ, സൈഫു വളക്കൈ, മുഹമ്മദ് കണ്ടക്കൈ, ലിയാഖത്ത് നീർവേലി, ഹുസൈൻ കുപ്പം, ശബാബ് പടിയൂർ, ഷരീഫ് കണ്ണൂർ, യാകുബ് തില്ലങ്കേരി, മഹബൂബ് ചെറിയവളപ്പ് തുടങ്ങിയവർ സംബന്ധിച്ചു. കെഎംസിസി റിയാദ് കണ്ണൂർ ജനറൽ സെക്രട്ടറി പി.ടി.പി മുക്താർ സ്വാഗതവും സിദ്ദീഖ് കല്യാശ്ശേരി നന്ദിയും പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

