മികച്ച വിദ്യാർഥികൾക്ക് സ്കോളർഷിപ് പദ്ധതിയുമായി കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി
text_fieldsകെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: വിദ്യാഭ്യാസ മേഖലയിൽ ഉന്നത നിലവാരം പുലർത്തുന്ന പാലക്കാട് ജില്ലയിലെ വിദ്യാർഥികൾക്ക് മൊത്തം 15 ലക്ഷം രൂപ സ്കോളർഷിപ് പദ്ധതി പ്രഖ്യാപിച്ച് കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി. കേരളത്തിന്റെ സാമൂഹിക, വിദ്യാഭ്യാസ പുരോഗതിക്ക് മഹത്തായ സംഭാവനകൾ നൽകിയ മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ പരിഷ്കർത്താവുമായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ പേരിലാണ് സ്കോളർഷിപ് പദ്ധതി ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്ലസ് ടു, ഡിഗ്രി, സിവിൽ സർവീസ് എന്നീ കാറ്റഗറികളിലാണ് സ്കോളർഷിപ് നൽകുന്നത്. വിദ്യാർഥികളുടെ പഠന നിലവാരം ഉയർത്തുകയും അവരെ കൂടുതൽ മികവുറ്റവരാക്കി മാറ്റി സമൂഹത്തിന് മാതൃകയായ രീതിയിൽ ഉയർത്തിക്കൊണ്ട് വരുന്നതിനുള്ള പ്രോത്സാഹനം നൽകുക എന്നതാണ് 'സി.എച്ച് മുഹമ്മദ് കോയ എജ്യൂ സ്കോളർഷിപ്' പദ്ധതിയിലൂടെ തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
എല്ലാ വിഭാഗം വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്ന വിധത്തിൽ ജനറൽ കാറ്റഗറിയിലായിരിക്കും സ്‌കോളർഷിപ് നൽകുക. ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 90 ശതമാനം മാർക്ക് വാങ്ങിയവർക്കും കഴിഞ്ഞ വർഷത്തെ ഡിഗ്രി പരീക്ഷയിൽ 80 ശതമാനം മാർക്ക് നേടിയവർക്കും സിവിൽ സർവീസ് കാറ്റഗറിയിൽ പ്രിലിമിനറി പരീക്ഷയിൽ ആദ്യ ശ്രമത്തിൽ വിജയിച്ചവർക്കും സ്കോളർഷിപിനായി അപേക്ഷിക്കാം. ഡിഗ്രി കാറ്റഗറിക്ക് യു.ജി.സി അംഗീകാരമുള്ള യൂനിവേഴ്സിറ്റികളിൽ നിന്നുള്ള റഗുലർ ബിരുദ വിദ്യാർഥികളെയാണ് പരിഗണിക്കുക. അപേക്ഷകർ നിലവിൽ പഠനം തുടരുന്നവരായിരിക്കണം.
പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തപ്പോൾ.
പദ്ധതിയുടെ 50 ശതമാനം പ്രവാസികളും മുൻപ്രവാസികളുമായവരുടെ മക്കൾക്ക് വേണ്ടി നീക്കിവെക്കും. വിദ്യാർഥികളുടെ സ്വഭാവശുദ്ധി കൂടി പരിഗണിച്ച് പ്രത്യേകം കമ്മിറ്റിയായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. പദ്ധതിയിലേക്ക് മെയ് 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് pkdjillakmcc@gmail.com എന്ന ഇമെയിൽ വഴിയോ 0500161238 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്കോളർഷിപ്പ് പദ്ധതിയുടെ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു.
കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിംഗ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ ഹുസൈൻ കരിങ്കറ, സക്കീർ നാലകത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

