കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചു
text_fieldsജിദ്ദ: സമൂഹത്തിലെ നിർധനരും നിരാലംബരുമായ രോഗികളെ കണ്ടെത്തി അവർക്ക് ആവശ്യമായ ചികിത്സാധനസഹായം നൽകുക എന്ന ലക്ഷ്യത്തോടെ കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി ആരോഗ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
10 ലക്ഷത്തിൽപരം രൂപയുടെ ആരോഗ്യ ജീവ കാരുണ്യപ്രവർത്തനങ്ങളാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. 'കെ.എം.സി.സി കെയർ ആൻഡ് ക്യൂർ ആരോഗ്യ പദ്ധതി’ എന്ന പേരിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള അർഹരായ 300 ഓളം രോഗികളെയാണ് പദ്ധതിയിലേക്ക് പരിഗണിക്കുക. പ്രവാസി സംഘടന എന്ന നിലക്ക് വിവിധ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന ജില്ലയിലെ പ്രവാസികുടുംബങ്ങൾക്ക് പ്രഥമപരിഗണന നൽകും.
അതോടൊപ്പം ജീവകാരുണ്യ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നടത്തുന്ന മണ്ണാർക്കാട് സി.എച്ച് സെന്ററിനും കെ.എം.സി.സി ജിദ്ദ ആലത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് അൻഷാദിന്റെ മകൻ മുഹമ്മദ് അഹിയാന്റെ ചികിത്സക്കും ധനസഹായം നൽകും. കഴിഞ്ഞ വർഷം പാലക്കാട് ജില്ലയിലെ പഠനത്തിൽ മികവ് പുലർത്തിയ 250 ഓളം വിദ്യാർത്ഥികൾക്ക് മുൻ മുഖ്യമന്ത്രിയും വിഭ്യാഭ്യാസ പരിഷ്കർത്താവുമായിരുന്ന സി.എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തിൽ എഡ്യു സ്കോളർഷിപ്പ് പദ്ധതി വഴി 15 ലക്ഷത്തോളം രൂപ വിതരണം ചെയ്തു.
ജിദ്ദയിലെ കലാ, കായിക, ജീവ കാരുണ്യ മേഖലകളിൽ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുന്ന സംഘടന എന്ന നിലയിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഒരു കോടിയിലധികം രൂപയുടെ പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുകയും അത് പൂർത്തിയാക്കുകയൂം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ പാവപ്പെട്ട രോഗികളിലേക്ക് കെ.എം.സി.സിയുടെ കരുതൽ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ വർഷം ആരോഗ്യ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഇതിനായി ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 12 മണ്ഡലം കമ്മിറ്റികളുടെയും 40 ഓളം പഞ്ചായത്ത് കമ്മിറ്റികളുടെയും കീഴിൽ ഈ പദ്ധതി ജില്ലയിലെ മുഴുവൻ മേഖലകളിലും എത്തിക്കാനുള്ള പ്രവർത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ ധനസഹായ വിതരണോത്ഘാടനം 'പ്രവാസി കുടുംബസംഗമം' എന്ന പേരിൽ അടുത്ത മാസം ചെറുപ്പുളശ്ശേരിയിൽ വെച്ച് നടക്കും. മുസ്ലിംലീഗ് സംസ്ഥാന, ജില്ലാ നേതാക്കൾ, ജില്ലയിൽ നിന്നുള്ള മന്ത്രിമാർ, കെ.എം.സി.സി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
കെ.എം.സി.സി ജിദ്ദ പാലക്കാട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി, ജനറൽ സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം, ട്രഷറർ ഷഹീൻ തച്ചമ്പാറ, ഓർഗനൈസിങ് സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ, വൈസ് പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

