കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി 21 ആം വർഷത്തിലേക്ക്
text_fieldsകെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു.
ജിദ്ദ: സൗദിയിൽ നിന്നും ജോലി മതിയാക്കി തിരിച്ചു പോവുന്ന പ്രവാസികൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചു കെ.എം.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി കുടുംബ സുരക്ഷാ പദ്ധതി 21 ആം വർഷത്തിലേക്ക് കടന്നു. ഗൾഫിൽ തന്നെ ആദ്യമായി കുടുംബ സുരക്ഷാ പദ്ധതി ആരംഭിച്ചത് ജിദ്ദയിലെ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആണെന്നും ഈ വർഷം മുതൽ സ്‌കീമിൽ മൂന്നു വർഷം പൂർത്തിയാക്കി നാലാമത് വർഷം അംഗത്വം തുടരുന്നവർക്ക് ഫൈനൽ എക്സിറ്റിൽ മടങ്ങുമ്പോൾ 10,000 രൂപയും, അഞ്ചു വർഷം പൂർത്തിയാക്കി ആറാമത് വർഷം അംഗത്വം തുടരുന്നവർക്ക് മടങ്ങുമ്പോൾ 25,000 രൂപയും ആനുകൂല്യമായി നൽകുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആഞ്ചിയോ പ്ലാസ്റ്റി ചികിത്സക്ക് ചുരുങ്ങിയത് 10,000 രൂപയും, കാൻസർ, കിഡ്നി ഡയാലിസിസ്, പക്ഷാഘാതം, മജ്‌ജ മാറ്റിവെക്കൽ, ഹ്യദയ ബൈപാസ് ശസ്ത്രക്രിയ എന്നീ ചികിത്സകൾക്ക് 50,000 രൂപ വരെയും അപകടത്തിൽ സ്ഥിരമായി ജോലി ചെയ്യാൻ കഴിയാത്ത വിധം അംഗവൈകല്യം സംഭവിച്ചാൽ ഒരു ലക്ഷം രൂപ വരെയും സ്‌കീമിലെ അംഗങ്ങൾക്ക് ലഭിക്കും. അംഗത്വം സാധുവായ കാലയളവിൽ നടത്തപ്പെടുന്ന ഒരു ലക്ഷം രൂപക്ക് മുകളിൽ ചിലവ് വരുന്ന ചികിത്സക്ക് ചെലവിന്റെ പത്ത് ശതമാനം കണക്കാക്കി പരമാവധി 50,000 രൂപ വരെ നൽകും. നാലോ അതിലധികമോ വർഷം തുടർച്ചയായി അംഗത്വം നിലനിർത്തിയ അംഗത്തിന് പദ്ധതി കാലയളവിൽ മരണം സംഭവിച്ചാൽ അഞ്ച് ലക്ഷം രൂപയും ഒന്ന് മുതൽ മൂന്ന് വർഷം വരെ തുടർച്ചയായി അംഗത്വം നിലനിർത്തിയ അംഗത്തിന് മരണാന്തര സഹായമായി മൂന്ന് ലക്ഷം രൂപയും, സ്‌കീമിൽ ആദ്യമായി ചേർന്ന വർഷം മരണം സംഭവിക്കുകയാണെങ്കിൽ രണ്ടു ലക്ഷം രൂപയും ആനുകൂല്യമായി നിയമപരമായ ആശ്രിതർക്ക് ലഭിക്കും.
ഫെബ്രുവരി 20 മുതൽ ആരംഭിക്കുന്ന പുതിയ പദ്ധതി കാമ്പയിൻ മാർച്ച് 31ന് അവസാനിക്കുമെന്നും ഏപ്രിൽ ഒന്നിന് തുടങ്ങി അടുത്ത വർഷം മാർച്ച് 31ന് അവസാനിക്കുന്ന ഒരു വർഷത്തെ പദ്ധതിയിൽ അംഗത്വമെടുക്കുന്നതിന് 60 റിയാലാണ് അംഗത്വ ഫീസായി ഈടാക്കുന്നത്. പദ്ധതിയിൽ നിലവിൽ 8000 അംഗങ്ങളുണ്ട്. 21 വർഷത്തിനുള്ളിൽ സ്‌കീമിൽ അംഗങ്ങളായിരിക്കെ 172 മരണങ്ങൾ സംഭവിച്ചു. ഇവരുടെ കുടുംബങ്ങൾക്കെല്ലാം ആനുകൂല്യം നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ വർഷം 12 അംഗങ്ങളാണ് മരിച്ചതെന്നും മൊത്തം 60 ലക്ഷം രൂപ മരണാനന്തര ആനുകൂല്യമായും 15 ലക്ഷം രൂപ ചികിത്സ സഹായമായും വിതരണം നടത്തിയതായും ഭാരവാഹികൾ അറിയിച്ചു. നിയമാനുസൃതം പ്രവാസിയായ ജിദ്ദയിലെ മലപ്പുറം ജില്ലക്കാർക്ക് പദ്ധതിയിൽ അംഗമാവാമെന്നും കൂടുതൽ വിവരങ്ങൾക്ക് www.jillakmcc.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികളായ ബാബു നഹ്ദി, ഹബീബ് കല്ലൻ, ഇല്ല്യാസ് കല്ലിങ്ങൽ, സാബിൽ മമ്പാട് എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

