മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കണം - കെ.എം.സി.സി ജിദ്ദ
text_fieldsജിദ്ദ: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർണാഭമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം നസീർ വാവക്കുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര അധ്യക്ഷത വഹിച്ചു.
'പോരാടി നേടിയ സ്വാതന്ത്ര്യം' എന്ന പ്രമേയത്തിൽ നടന്ന ചർച്ചയിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളുടെ ത്യാഗങ്ങളും പോരാട്ടങ്ങളും പുതുതലമുറക്ക് പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രഭാഷകർ ചൂണ്ടിക്കാട്ടി. പ്രവാസത്തിലായിരിക്കുമ്പോഴും ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കുന്നതിൽ പ്രവാസി സമൂഹം വലിയ പങ്കാണ് വഹിക്കുന്നത്.
വൈവിധ്യങ്ങൾക്കിടയിലുള്ള ഐക്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്നും, രാജ്യത്തിന്റെ പുരോഗതിക്കും സമാധാനത്തിനും വേണ്ടി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.
ചടങ്ങിൽ നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, ലത്തീഫ് കളരാന്തിരി, ജലാൽ തേഞ്ഞിപ്പലം, എ.കെ ബാവ, കെ.കെ മുഹമ്മദ്, ഇബ്രാഹിം കൊല്ലി, സീതി കൊളക്കാടൻ, സുൽഫിക്കർ ഒതായി, സഹിൻ തച്ചമ്പാറ, ലത്തീഫ് വെള്ളമുണ്ട, റഊഫ് തിരൂരങ്ങാടി, കരീം പഠിക്കമണ്ണിൽ, നൗഫൽ ഉള്ളാടൻ, നാസറുദ്ദിൻ ആലപ്പുഴ, സ്വാലിഹ് മാസ്റ്റർ, സലീം മണ്ടേരി, മനാഫ് എറാടൻ, ജാഫർ വെന്നിയൂർ എന്നിവർ സംസാരിച്ചു. അഷ്റഫ് പരപ്പനങ്ങാടി ദേശഭക്തി ഗാനം ആലപിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്തഫ സ്വാഗതവും സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

