ആശയറ്റ മനുഷ്യർക്ക് പ്രതീക്ഷ നൽകുന്ന പ്രസ്ഥാനമാണ് കെ.എം.സി.സി -ഡോ. അനിൽ മുഹമ്മദ്
text_fieldsറിയാദ് കെ.എം.സി.സി ഒരുക്കിയ സ്വീകരണ പരിപാടിയിൽ ഡോ. അനിൽ മുഹമ്മദ് സംസാരിക്കുന്നു
റിയാദ്: ജീവിതത്തിൽ ആഗ്രഹങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട സാധാരണ മനുഷ്യർക്ക് കൈത്താങ്ങായി മാറുന്ന പ്രസ്ഥാനമാണ് കെ.എം.സി.സിയെന്ന് പ്രമുഖ സോഷ്യൽ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനിൽ മുഹമ്മദ് പ്രസ്താവിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ.എം.സി.സി മുന്നോട്ടുവെക്കുന്ന സാമൂഹിക പ്രതിബദ്ധതയും കാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. സാമ്പത്തിക മൂലധനത്തേക്കാൾ പ്രാധാന്യം സാമൂഹിക മൂലധനത്തിനുണ്ടെന്നും, കരുണയും ആർദ്രതയും സ്നേഹവും പകർന്നു നൽകാൻ പ്രസ്ഥാനത്തിന് കഴിയണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോവിഡ് പ്രതിസന്ധിക്കാലത്ത് കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. ആ കാലഘട്ടത്തിലെ ഇടപെടലുകൾ സംഘടനയുടെ മഹത്വം വിളിച്ചോതുന്നതായിരുന്നു. പാണക്കാട് കുടുംബത്തിെൻറ പാരമ്പര്യം അത്ഭുതപ്പെടുത്തുന്നതാണ്. സാദിഖലി ശിഹാബ് തങ്ങൾ സാധാരണക്കാരുടെ ആശ്രയമാണെന്നും, പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലെ രാഷ്ട്രീയ പക്വതയുള്ള നേതാക്കൾ കേരളത്തിൽ അപൂർവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ഗ്രേസ് എജ്യുക്കേഷണൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും സെക്രട്ടറി അഷ്‌റഫ് കൽപകഞ്ചേരി നന്ദിയും പറഞ്ഞു.
കെ.എം.സി.സി നേതാക്കളായ ഉസ്മാൻ അലി പാലത്തിങ്ങൽ, തെന്നല മൊയ്തീൻ കുട്ടി, യു.പി. മുസ്തഫ, സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, അസീസ് വെങ്കിട്ട, പി.സി. അലി, റഫീഖ് മഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, അഡ്വ. അനീർ ബാബു, നാസർ മാങ്കാവ്, റിയാദ് നന്മ കരുനാഗപ്പള്ളി കൂട്ടായ്മ ഭാരവാഹികളായ ബഷീർ ഫത്തഹുദ്ദീൻ, അഖിനാസ് എം. കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ആലപ്പുഴ ജില്ലാ കെ.എം.സി.സി കമ്മിറ്റിയുടെ വകയായി ഡോ. അനിൽ മുഹമ്മദിനുള്ള ഉപഹാരവും ചടങ്ങിൽ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

