കെ.എം.സി.സി ‘ഇഹ്തിഫാൽ’ സംഗമം വെള്ളിയാഴ്ച
text_fieldsകിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഭാരവാഹികൾ ദമ്മാമിൽ നടത്തിയ വാർത്തസമ്മേളനം
ദമ്മാം: മുസ്ലിം ലീഗിന്റെ 75ാം വാർഷികത്തിന്റെ ഭാഗമായി കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഒരുക്കുന്ന ‘ഇഹ്തിഫാൽ 2023’ വെള്ളിയാഴ്ച നടക്കും.
തമിഴ്നാട്ടിലെ രാജാജി ഹാളിനെ അനുസ്മരിക്കും വിധം അതിന്റെ പുനരാവിഷ്കരണവും നേതൃ ശില്പശാലയുമാണ് നടക്കുകയെന്ന് കെ.എം.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ മുസ്ലിം ലീഗ് ദേശീയ സമിതിയംഗം അഡ്വ. കെ.എൻ.എ. ഖാദർ മുഖ്യാതിഥിയായിരിക്കും.
50ലേറെ ഏരിയ കമ്മിറ്റികളിൽ നിന്നും 11ലേറെ ജില്ല കമ്മിറ്റികളിൽനിന്നും വിവിധ നിയോജക മണ്ഡലം കമ്മിറ്റികളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട മുന്നൂറിലേറെ ഭാരവാഹികർ രാവിലെ 11 മുതൽ വൈകീട്ട് ആറുവരെ നേതൃക്യാമ്പിലും ശിൽപശാലയിലും സംബന്ധിക്കും. 1948 മാർച്ച് 10ന് മുസ്ലിം ലീഗ് ആദ്യ ദേശീയ കൗൺസിൽ നടന്ന മദിരാശി രാജാജി ഹാളിൽ മാർച്ച് 10ന് ‘ശാക്തീകരണത്തിന്റെ ഏഴരപ്പതിറ്റാണ്ട്’ എന്ന പ്രമേയത്തിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ദമ്മാം ഉമ്മു സാഹിക്ക് ശമറൂഖ് ഇസ്തിറാഹയിൽ വൈകീട്ട് ഏഴിന് രാജാജി ഹാൾ പുനരാവിഷ്കാര പ്ലാറ്റിനം ജൂബിലി സമ്മേളനം സംഘടിപ്പിക്കുന്നത്.
ഡിസംബർ 30ന് പാണക്കാട് മുനവിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ‘ഇഹ്തിഫാൽ 2023’ വാർഷിക പ്രവിശ്യാതല കാമ്പയിന്റെ രണ്ടാം ഘട്ടം ജനുവരി 20ന് പ്രവിശ്യയിലെ മുഴുവൻ എരിയയിലും ഒരേ സമയം പ്രമേയ വിശദീകരണ ഏരിയ സമ്മേളനങ്ങൾ സംഘടിപ്പിച്ചുവെന്നും നേതാക്കൾ അറിയിച്ചു.
ഇഹ്തിഫാൽ 2023 ഭാഗമായി ഏപ്രിൽ അവസാനത്തോടെ സൗദി കെ.എം.സി.സി മുൻ ട്രഷറർ ഹാഷിം സ്മരണിക പ്രകാശനം, നാട്ടിൽനിന്നും ഏറ്റവും അർഹരായ നിർധനരായ 75 ആളുകൾക്ക് ഉംറ നിർവഹിക്കാനുള്ള പദ്ധതി, പ്രവിശ്യയിൽനിന്നും പ്രസംഗം, സാഹിത്യം, കല, കായികം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച 75 വീതം പ്രതിഭകളെ കണ്ടെത്തി പരിശീലനം നൽകി ആദരിക്കൽ, ഒക്ടോബർ-നവംബർ മാസങ്ങളിൽ വിവിധ സെൻട്രൽ കമ്മിറ്റികളിൽ നടക്കുന്ന വിവിധ കായിക മത്സര വിജയികളെ ഉൾപ്പെടുത്തി പ്രവിശ്യാതല മെഗാ പ്രോഗ്രാം, ഡിസംബറിൽ നാട്ടിൽ നിന്നുള്ള ദേശീയ, സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് കാമ്പയിൻ സമാപന മഹാ സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ വാർഷിക കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് കിഴക്കൻ പ്രവിശ്യ കെ.എം.സി.സി ഭാരവാഹികൾ വ്യക്തമാക്കി.
മുഹമ്മദ് കുട്ടി കോഡൂർ, സിദ്ദീഖ് പാണ്ടികശാല, അഷ്റഫ് ഗസാൽ, റഹ്മാൻ കാരയാട്, ഖാദർ വാണിയമ്പലം, സിറാജ് ആലുവ എന്നീ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

