കെ.എം.സി.സി ഹജ്ജ് സെൽ ഉദ്ഘാടനവും വളന്റിയർ പരിശീലനവും
text_fieldsകെ.എം.സി.സി ഹജ്ജ് വളൻറിയർ സെൽ ഇറാം ഗ്രൂപ് സി.ഇ.ഒ ഡോ. സിദ്ദീഖ് അഹ്മദ് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ഹജ്ജിനോട് അനുബന്ധിച്ച് കെ.എം.സി.സി കിഴക്കൻ പ്രവിശ്യ കമ്മിറ്റി മക്കയിലെ സേവനങ്ങൾക്കായി തെരഞ്ഞെടുത്ത വളന്റിയർമാർക്കുള്ള പരിശീലന പരിപാടിക്ക് തുടക്കം.ലോകത്തിന്റെ നാനാദിക്കുകളിൽനിന്നും വന്നുചേരുന്ന തീർഥാടകർക്ക് സേവനങ്ങൾ ഒരുക്കാൻ ഈവർഷവും സൗദി കെ.എം.സി.സി 60ഓളം വളൻറിയർമാർക്ക് പരിശീലനം നൽകി. മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ബോധന പ്രസംഗം നടത്തി.
ഇറാം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ഹജ്ജ് സെൽ വളന്റിയർ വിങ് നടത്തുന്ന തുല്യതയില്ലാത്ത സേവനപ്രവർത്തനങ്ങളെ തന്റെ മാതാവിനോടൊപ്പം ഹജ്ജ് നിർവഹിച്ച വേളയിൽ ലഭിച്ച സേവനങ്ങളെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം വിവരിച്ചു.
തുടർന്ന് വളൻറിയർമാർക്കുള്ള യൂനിഫോം ഹജ്ജ് സെൽ കോഓഡിനേറ്റർ കാദർ അണങ്കൂരിനു നൽകി. വീൽചെയർ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി സെക്രട്ടറി അസീസ് കണ്ണൂരിന് കൈമാറി. വിവിധ സെൻട്രൽ കമ്മിറ്റികളിൽനിന്നും യൂനിറ്റുകളിൽനിന്നുമുള്ള പ്രതിനിധികളും നേതാക്കളും സംബന്ധിച്ചു. ജനറൽ സെക്രട്ടറി കാദർ ചെങ്കള മുഖ്യപ്രഭാഷണം നടത്തി. കാദർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്കൂൾ ചെയർമാൻ മുഅസം അബ്ദുൽ ഖാദർ ദാദർ, അബ്ദുൽ റസാഖ് (ഇറാം ഗ്രൂപ്), മുഹമ്മദ് അഫ്നാസ്, ഹമീദ് വടകര എന്നിവർ സംബന്ധിച്ചു. മഹ്മൂദ് പൂക്കാട്, മുഷ്താഖ് പേങ്ങാട്, ഫൈസൽ ഇരിക്കൂർ എന്നിവർ നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി ഒ.പി. ഹബീബ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റഹ്മാൻ കാര്യാട് നന്ദിയും പറഞ്ഞു.

