കെ.എം.സി.സി ഗ്രാൻഡ് ഹൈപ്പർ - അൽ റയാൻ സൂപ്പർ കപ്പ്; ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ ജേതാക്കൾ, യൂത്ത് ഇന്ത്യ ടീം റണ്ണർ അപ്
text_fields1) കെ.എം.സി.സി ഗ്രാൻഡ് ഹൈപ്പർ അൽറയാൻ പോളിക്ലിനിക് സൂപ്പർ കപ്പ് ഫുട്ബാൾ കിരീടവുമായി ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ ടീം 2) റണ്ണർ അപ്പുമായി യൂത്ത് ഇന്ത്യ റിയാദ് ടീം
റിയാദ്: നിറഞ്ഞ ഗാലറിയുടെ ആരവങ്ങളിലും താളമേളങ്ങളിലും കളംനിറഞ്ഞു കളിച്ച ആവേശ പോരാട്ടത്തിന്റെ അന്തിമ വിസിൽ മുഴങ്ങിയപ്പോൾ കെ.എം.സി.സി ഗ്രാൻഡ് ഹൈപ്പർ, അൽ റയാൻ പോളിക്ലിനിക്ക് സൂപ്പർ കപ്പ് ഫുട്ബാൾ കിരീടം ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ ടീമിന്. യൂത്ത് ഇന്ത്യ ടീം റണ്ണർ അപ്പായി. രണ്ട് പകുതികളിലായി അപരാചിതരായി ഫൈനലിലെത്തിയ യൂത്ത് ഇന്ത്യയെ 3 -1 സ്കോറിലാണ് ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ ഫൈനലിൽ പരാജയപ്പെടുത്തിയത്. രണ്ട് മാസക്കാലമായി റിയാദിലെ കാൽപന്ത് കളിക്കാരുടെയും കളിക്കമ്പക്കാരുടെയും ഹൃദയം കവർന്ന ഫുട്ബാൾ മാമാങ്കത്തിന് ഇതോടെ തിരശീല വീണു. ഒഴിവു ദിനത്തിന്റെയും തിരുവോണത്തിന്റെയും ആഹ്ലാദത്തിൽ നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിൽ മുസ്ലിംലീഗ് നേതാക്കളും പ്രവാസലോകത്തെ പ്രമുഖരും ഫൈനൽ മത്സരങ്ങൾക്ക് സാക്ഷിയായി.
ആവേശമേറിയ ഫൈനൽ മത്സരത്തിൽ യൂത്ത് ഇന്ത്യയുടെ ബോക്സിലേക്ക് ഇരച്ചെത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ, മുന്നേറ്റ നിരയിലെ ജംഷീർ വലത് വശത്ത് നിന്നും ഒമ്പതാമത്തെ മിനിറ്റിൽ തൊടുത്ത ഷോട്ട് കീപ്പറെ മറികടന്നു ഗോൾ വലയിലെത്തി (1-0). ഇരുപതാം മിനുട്ടിൽ യൂത്ത് ഇന്ത്യ ഡിഫന്ററുടെ പ്രതിരോധം പെനൽറ്റിയിൽ കലാശിച്ചു. ആ അവസരം മുഹമ്മദ് റഫി ലക്ഷ്യത്തിലെത്തിച്ചു (2-0). ആദ്യ പകുതിയുടെ അവസാന നിമിഷം യൂത്ത് ഇന്ത്യക്ക് ലഭിച്ച ഓപൺ ചാൻസ് മുതലാക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇരു ഗോൾമുഖത്തും സ്ട്രൈക്കർമാർ ഇടക്കിടെ റൈഡുകൾ നടത്തി ഷോട്ടുകൾ ഉതിർത്തു കൊണ്ടിരുന്നു.
ബ്ലാക്ക് ആൻഡ് വൈറ്റിന് വീണ്ടുമൊരു പെനാൽറ്റി ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. എന്നാൽ 59 മത്തെ മിനിറ്റിൽ മൂന്നാമത്തെ ഗോൾ സമ്മാനിച്ച് ശിവദാസൻ ബ്ലാക്ക് ആൻഡ് വൈറ്റിന്റെ പട്ടിക പൂർത്തിയാക്കി (3-0). 63 മത്തെ മിനിറ്റിൽ ഹസീബ് നൽകിയ അസിസ്റ്റിലൂടെ ബസ്സാം നേടിയ ഗോൾ യൂത്ത് ഇന്ത്യക്ക് ആശ്വാസമായി.
നേരത്തെ കെ.എം.സി.സി ജില്ല തലത്തിൽ നടത്തിയ മത്സരങ്ങളുടെ ഫൈനലും അരങ്ങേറി. കോഴിക്കോട് ജില്ല കെ.എം.സി.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പാലക്കാട് ജില്ല കെ.എം.സി.സി ജേതാക്കളായി. ഗോൾ നേടിയ സുഹൈലിന് മാൻ ഓഫ് ദി മാച്ച് പുരസ്കാരം ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫയർ സെക്കൻഡ് സെക്രട്ടറി ഭഗ് വാൻ സഹായ് മീന സമ്മാനിച്ചു.
മുഖ്യാതിഥികളായിരുന്ന മുസ്ലിംലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, രാജ്യസഭ അംഗം ഹാരിസ് ബീരാൻ എം.പി, പ്രമുഖ കളിയെഴുത്തുകാരനും ചന്ദ്രിക പത്രാധിപരുമായ കമാൽ വരദൂർ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. കെ.എം.സി.സി നേതാക്കളും പ്രായോജകരും സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

