കെ.എം.സി.സി രക്തദാന കാമ്പയിൻ സെപ്റ്റംബർ 23 മുതൽ
text_fieldsറിയാദ്: സൗദി അറേബ്യയുടെ 92ാം ദേശീയ ദിനത്തോടനുബന്ധിച്ച് സൗദി കെ.എം.സി.സിയുടെ പ്രവർത്തകർ രാജ്യത്തുടനീളം രക്തദാനം നടത്തുമെന്ന് നാഷനൽ കമ്മിറ്റി അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും രാജ്യത്തെ ജനതക്കും നന്ദിയർപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ 10 വർഷമായി തുടരുന്ന രക്തദാനം ഇത്തവണ കൂടുതൽ ഊർജിതമായി നടത്താൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. 'അന്നം നൽകിയ രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന പേരിലാണ് രക്തദാന കാമ്പയിൻ സൗദി ദേശീയദിനമായ സെപ്റ്റംബർ 23ന് ആരംഭിക്കുന്നത്.
30ാം തീയതി വരെ രാജ്യത്തെ 20ലധികം കേന്ദ്രങ്ങളിൽ പ്രവർത്തകർ രക്തം ദാനം ചെയ്യും. മുൻകാലങ്ങളിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ രക്തദാനം ഇത്തവണയും വളരെ ശാസ്ത്രീയമായ രീതിയിലാണ് സംഘടിപ്പിക്കുന്നത്. കെ.എം.സി.സിയുടെ വിവിധ സെന്‍ട്രല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സൗദി ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച അതത് മേഖലയിലെ ആശുപത്രികളിലെത്തി രക്തം ദാനം ചെയ്യും. വിവിധ കേന്ദ്രങ്ങളില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രധാന ഉദ്യോഗസ്ഥര്‍ രക്തദാന ചടങ്ങില്‍ സംബന്ധിക്കും.
റിയാദ്, ജിദ്ദ, മക്ക, മദീന, ഖമീസ് മുശൈത്ത്, ദമ്മാം, ജീസാൻ, താഇഫ്, ഖുൻഫുദ, റാബിഖ്, തബൂക്ക്, യാംബു, ഹാഇൽ, നജ്‌റാൻ, അറാര്‍, അല്‍ഖര്‍ജ്, ബുറൈദ, വാദി ദവാസിർ, ലൈല അഫലാജ്, ദാവാദ്മി, ബിഷ, അൽഖോബാർ, ജുബൈൽ, ഖത്വീഫ്, തുഖ്‌ബ, അൽ-അഹ്സ, അബ്‌ഖൈഖ്, ഖഫ്ജി, സുൽഫി, ഹഫർ അൽ-ബാതിൻ, നാരിയ, മഹായിൽ, അല്ലൈത്ത് തുടങ്ങിയ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിലാണ് രക്തദാന കാമ്പയിനായി ഒരുങ്ങുന്നത്.
മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സര്‍ക്കാര്‍ ആശുപത്രികളില്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഇക്കാലയളവിൽ രക്തദാനം നിര്‍വഹിക്കുമെന്ന് നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ്‌കുട്ടി, ചെയർമാൻ എ.പി. ഇബ്രാഹിം മുഹമ്മദ്, വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, സുരക്ഷ പദ്ധതി സമിതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

