കെ.എം.സി.സി അഹ്ലൻ റമദാൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു
text_fieldsകെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'അഹ്ലൻ റമദാൻ' സൗഹൃദ സംഗമംപ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ആത്മീയ ഊർജസ്വലതയോടെയും ഭക്തിയോടെയും ആത്മീയ സംസ്കരണത്തിന്റെ മാസമായ വിശുദ്ധ റമദാനിൽ പുണ്യവും ആത്മീയ ചൈതന്യവും നേടിയെടുക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള ദഅ്വ വിങ് സൗഹൃദ സംഗമം സംഘടിപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും സൗഹൃദ സംഗമം ആഹ്വാനം ചെയ്തു. ജിദ്ദയിലെ വിവിധ ഇസ് ലാമിക സംഘടനകളെ പ്രതിനിധാനം ചെയ്ത് പണ്ഡിതന്മാർ സംഗമത്തിൽ പങ്കെടുത്തു.
മതനിരാസത്തിന്റെയും മതശാസനകൾ അനുവർത്തിക്കാത്തതിന്റെയും ഫലമായി മുസ് ലിം സമൂഹത്തിൽ വളർന്നുവരുന്ന അധാർമികതയെക്കുറിച്ചു സംഗമത്തിൽ ചർച്ചചെയ്തു.
രാജ്യത്തെ ന്യൂനപക്ഷ സമൂഹത്തിനെതിരെ സർക്കാറുകളിൽ നിന്ന് നേരിടുന്ന അവഗണനയെ നേരിടാൻ വിഭാഗീയ പ്രശ്നങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചുകൊണ്ട് സമുദായം ഐക്യത്തോടെ വർത്തിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പുണ്യമാസത്തിൽ ആത്മീയ ശുദ്ധീകരണം, ഭക്തി എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷകർ ഊന്നിപ്പറഞ്ഞു.
റമദാൻ വ്രതനാളുകളിൽ ആരാധനകൾ വർധിപ്പിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകി ആത്മീയ വളർച്ചക്കായി പരിശ്രമിക്കാനും സ്രഷ്ടാവിനോടുള്ള ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കാനും ആത്മാർഥതയോടും ഭക്തിയോടും കൂടി വ്രതം അനുഷ്ഠിക്കാനും പ്രഭാഷകർ സദസ്സിനെ ഓർമിപ്പിച്ചു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രെട്ടറി വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി, മുജീബ് റഹ്മാനി (ജിദ്ദ ഇസ് ലാമിക് സെന്റർ), അനീസ് സ്വാലിഹ് കൊച്ചി (ജിദ്ദ ഇന്ത്യൻ ഇസ് ലാമിക് സെന്റർ, മദീന റോഡ്), കാസിം സഖാഫി (ഐ.സി.എഫ്), തസ്ലീം അൻസാരി (ജിദ്ദ ഇന്ത്യൻ ഇസ് ലാഹി സെന്റർ, ശറഫിയ), ഉമർ ഫാറൂഖ് (തനിമ), മുജീബ് ഇർഫാനി (വിസ്ഡം) തുടങ്ങിയവർ സംസാരിച്ചു.
മൊയ്തീൻകുട്ടി കാവന്നൂർ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. സുനീർ ഏറനാട് ഖിറാഅത്ത് നടത്തി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ.കെ ബാവ, ഇസ്ഹാഖ് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ഹസ്സൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, അഷ്റഫ് താഴെക്കോട്, ഷക്കീർ മണ്ണാർക്കാട്, ലത്തീഫ് വെള്ളമുണ്ട എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

