കിങ് ഫൈസല്‍ അവാര്‍ഡ് സല്‍മാന്‍ രാജാവിന്

01:03 AM
11/01/2017

റിയാദ്: 2017ലെ കിങ് ഫൈസല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക സേവനത്തിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിനാണ്. ഇസ്ലാമിക ലോകത്തിന് നല്‍കിയ വിപുലമായ സംഭാവനകള്‍ പരിഗണിച്ചാണ് സല്‍മാന്‍ രാജാവിനെ തെരഞ്ഞെടുത്തത്.

റിയാദിലെ ഫൈസലിയ സെന്‍ററിലുള്ള അല്‍ഖുസാമ ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രി നടന്ന ചടങ്ങിലാണ് അവാര്‍ഡ് കമ്മിറ്റി മേധാവിയും മക്ക ഗവര്‍ണറുമായ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

വൈദ്യശാസ്ത്രരംഗത്ത് ജപ്പാനില്‍ നിന്നുള്ള തദമിസ്ത്സു കിശിമോതോ ആണ് ജേതാവ്. ശാസ്ത്രശാഖയിലെ അവാര്‍ഡ് സ്വിറ്റ്സര്‍ലന്‍റില്‍ നിന്നുള്ള പ്രഫ. ഡാനിയല്‍ ലോസും നെതര്‍ലാന്‍റിലെ ലോറന്‍സ് മോലന്‍കാമ്പും പങ്കിട്ടു. അറബി ഭാഷക്കുള്ള അവാര്‍ഡ് ജോര്‍ഡനിലെ അറബി ഭാഷ അക്കാദമിക്കാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ അറബിവത്കരണത്തിലെ സംഭാവനകളാണ് ഇതിന് പരിഗണിച്ചത്. ലബനാനില്‍ നിന്നുള്ള റിദ്വാന്‍ അസ്സയ്യിദിനാണ് ഇസ്ലാമിക പഠനത്തിനുള്ള അവാര്‍ഡ്.

ഇസ്ലാമിക സേവനം, ഇസ്ലാമിക പഠനം, അറബി ഭാഷ, ശാസ്ത്രം, വൈദ്യശാസ്ത്രം എന്നീ അഞ്ച് ശാഖകളിലാണ് കിങ് ഫൈസല്‍ അവാര്‍ഡ് നല്‍കാറ്. അടുത്തമാസം റിയാദില്‍ നടക്കുന്ന പരിപാടിയിലാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുക.

COMMENTS