‘സൗദി വിഷൻ 2030’, 10-ാം വർഷത്തിൽ രാജ്യം വൻ കുതിപ്പിലെന്ന് സൽമാൻ രാജാവ്
text_fieldsറിയാദ്: സമഗ്ര വികസനത്തിലൂടെ സൗദി അറേബ്യയെ ലോകത്തിന് മാതൃകയാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘വിഷൻ 2030’ പദ്ധതി 10-ാം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യം കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളെന്ന് സൽമാൻ രാജാവ്. ഊർജ്ജവും സമ്പത്തും ക്രിയാത്മകമായി വിനിയോഗിച്ച് മെച്ചപ്പെട്ട ഭാവിയിലേക്ക് രാജ്യം നീങ്ങുകയാണെന്ന് ‘വിഷൻ 2030’-െൻറ 2025-ലെ വാർഷിക റിപ്പോർട്ട് പുറത്തിറക്കിക്കൊണ്ട് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ പുരോഗതിയും സാങ്കേതിക വിവരങ്ങളും വിജയഗാഥകളും ഉൾക്കൊള്ളുന്ന റിപ്പോർട്ട് ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
പദ്ധതികളുടെ പൂർത്തീകരണം
വിഷൻ 2030-െൻറ ഭാഗമായി വിഭാവനം ചെയ്ത സംരംഭങ്ങളിൽ 90 ശതമാനവും പൂർത്തിയാകുകയോ കൃത്യമായ പാതയിൽ പുരോഗമിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ 1,290 സംരംഭങ്ങളിൽ 935 എണ്ണം ഇതിനോടകം പൂർത്തിയായി. 225 പദ്ധതികൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ടുപോകുന്നു. വിഷന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ആയിരത്തിലധികം ഭരണപരിഷ്കാരങ്ങളും 1,200 നിയമനടപടികളും നടപ്പിലാക്കി. നിയമസംവിധാനങ്ങളുടെ നവീകരണവും പുതിയ സ്ഥാപനങ്ങളുടെ രൂപീകരണവും ഇതിൽ പ്രധാനമാണ്.
സാമ്പത്തിക വളർച്ച
സൗദിയുടെ സാമ്പത്തിക മേഖലയിൽ വൻ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. യഥാർത്ഥ ജിഡിപി 4.9 ലക്ഷം കോടി റിയാലിലെത്തി ഇടക്കാല ലക്ഷ്യം മറികടന്നു. 2024-നെ അപേക്ഷിച്ച് 2025-ൽ എണ്ണയിതര പ്രവർത്തനങ്ങളിൽ 4.9 ശതമാനം വർധനവുണ്ടായി. നിലവിൽ രാജ്യത്തിെൻറ ജിഡിപിയിൽ 55 ശതമാനവും എണ്ണയിതര മേഖലയുടെ സംഭാവനയാണ്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) വൻ വർധനവാണുണ്ടായത്. 2017-ൽ 28,00 കോടി റിയാലായിരുന്ന നിക്ഷേപം 2025-ൽ 133,00 കോടി റിയാലായി ഉയർന്നു. ധാതു സമ്പത്തിെൻറ മൂല്യം 90 ശതമാനം വർധിച്ച് 9.4 ലക്ഷം കോടി റിയാലിലെത്തിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തീർഥാടനം, ആരോഗ്യം
തീർഥാടന രംഗത്ത് ചരിത്രപരമായ നേട്ടമാണ് രാജ്യം കൈവരിച്ചത്. 1.5 കോടി എന്ന വാർഷിക ലക്ഷ്യം മറികടന്ന് 1.8 കോടി ഉംറ തീർഥാടകർ ഇത്തവണ വിദേശത്തുനിന്നെത്തി. സ്വദേശികൾക്ക് വീട് ലഭ്യമാക്കുന്ന പദ്ധതിയിൽ 66.24 ശതമാനം പുരോഗതി കൈവരിച്ചു. 2016-ൽ ഇത് 47 ശതമാനം മാത്രമായിരുന്നു.
ആരോഗ്യ മേഖലയിൽ ജനസംഖ്യയുടെ 97.5 ശതമാനം പേരെയും സേവന പരിധിയിൽ കൊണ്ടുവന്നു. വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്ക് 40 ശതമാനവും പകർച്ചവ്യാധികൾ മൂലമുള്ള മരണം 50 ശതമാനവും കുറഞ്ഞു. ബ്രാൻഡ് ഫിനാൻസിെൻറ ലോകത്തെ മികച്ച 250 ആശുപത്രികളുടെ പട്ടികയിൽ ഏഴ് സൗദി ആശുപത്രികൾ ഇടംപിടിച്ചു. ഇതിൽ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രി പ്രാദേശികമായി ഒന്നാം സ്ഥാനത്താണ്.
തൊഴിൽ, വിദ്യാഭ്യാസം
സ്വദേശിവത്ക്കരണത്തിലൂടെ 2025 അവസാനത്തോടെ 2.22 ലക്ഷത്തിലധികം പൗരന്മാർക്ക് തൊഴിൽ നൽകി. തൊഴിൽ വിപണിയിലെ സ്ത്രീ പങ്കാളിത്തം 2025-ൽ 35 ശതമാനമായി വർധിച്ചു. വിദ്യാഭ്യാസ രംഗത്ത് 3,313 പേർ ലോകത്തെ മികച്ച 30 സർവകലാശാലകളിലും 28,500 പേർ മികച്ച 200 സ്ഥാപനങ്ങളിലും ഉന്നത പഠനം നടത്തുന്നു.
ടൂറിസം, സംസ്‌കാരം, കൃഷി
സന്ദർശകരുടെ എണ്ണത്തിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. വിനോദസഞ്ചാരികളുടെ എണ്ണം 6.3 കോടിയിൽനിന്ന് 12.3 കോടിയായി ഉയർന്നു. 65 ലക്ഷം പേർ യുനെസ്കോ പൈതൃക കേന്ദ്രങ്ങൾ സന്ദർശിച്ചു. റിയാദ്, മദീന നഗരങ്ങൾ യുനെസ്കോ ക്രിയേറ്റീവ് സിറ്റിസ് നെറ്റ്‌വർക്കിൽ ഇടംനേടി. അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കമേറിയ വാസ്തുവിദ്യാ മനുഷ്യവാസം 2025-ൽ കണ്ടെത്തിയതും പ്രധാന നേട്ടമാണ്. കാർഷിക ഉൽപ്പാദനം 2016-ലെ 60 ലക്ഷം ടണ്ണിൽ നിന്ന് 1.2 കോടി ടണ്ണായി വർധിച്ചു.
സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൻ കീഴിൽ 2016 ഏപ്രിൽ 25-ന് ആരംഭിച്ച ഈ പദ്ധതി, രാജ്യത്തിെൻറ അന്താരാഷ്ട്ര നിലവാരം ഉയർത്തുന്നതിനൊപ്പം യുവതലമുറയ്ക്ക് അവസരങ്ങളുടെ പുതിയ വാതായനങ്ങളാണ് തുറന്നിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

