കിങ് സൽമാൻ ലോക ചെസ് ചാമ്പ്യൻഷിപ്പിന് സൗദിയിൽ അരങ്ങുണർന്നു
text_fieldsജിദ്ദ: കിങ് സൽമാൻ ലോക ചെസ് ചാമ്പ്യൻഷിപ്പിന് റിയാദിൽ തുടക്കമായി. നിലവിലെ ലോക ചാമ്പ്യനായ നോർവേക്കാരൻ മാഗ്നസ് കാൾസണിെൻറ തോൽവിയാണ് ആദ്യദിനത്തെ പ്രധാന സംഭവം. മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് ഉൾപ്പെടെ നിരവധി ഇന്ത്യക്കാരും ഫിഡെയുടെ വേൾഡ് റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നുണ്ട്. റിയാദിലെ അപെക്സ് കൺവെൻഷൻ സെൻററിലാണ് ലോകത്തെ 70 ലേറെ രാജ്യങ്ങളിൽ നിന്നായി 400 ലേറെ താരങ്ങൾ പെങ്കടുക്കുന്ന ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഒരു ചെസ് ചാമ്പ്യൻഷിപ്പിന് സൗദി അറേബ്യ ആതിഥ്യം വഹിക്കുന്നത് ഇതാദ്യമായാണ്.
ചെസ് ഫെഡറേഷെൻറ ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനതുകയാണ് കിങ് സൽമാൻ ചാമ്പ്യൻഷിപ്പിൽ ഒരുക്കിയിരിക്കുന്നത്.
മൊത്തം 20 ലക്ഷം ഡോളറിലേറെയാണ് സമ്മാനതുക. മാഗ്നസ് കാൾസണിെൻറ സാന്നിധ്യം തന്നെയാണ് ചാമ്പ്യൻഷിപ്പിെൻറ പ്രധാന ആകർഷണം. നിലവിലെ വേൾഡ് റാപിഡ് ആൻഡ് ബ്ലിറ്റ്സ് ചാമ്പ്യൻ സെർജി കരാജ്കിൻ (റഷ്യ), വാസിലി ഇവാൻചുക് (ഉക്രെയ്ൻ) എന്നീപ്രമുഖരും റിയാദിലെത്തിയിട്ടുണ്ട്. രണ്ടാം നമ്പർ താരം അർമീനിയക്കാരൻ ലെവൺ ആരോനിയൻ, മൂന്നാം നമ്പരിലെ അസർബൈജാൻ സ്വദേശി ശഖരിയർ മാമദ്യോറാവ് എന്നിവരും മുൻ ചാമ്പ്യൻ വിശ്വനാഥൻ ആനന്ദും കൂടി ആകുന്നതോടെ ലോക ചെസിലെ എണ്ണംപറഞ്ഞ താരങ്ങളുടെയൊക്കെ സാന്നിധ്യം റിയാദിൽ ഉറപ്പായി. തിങ്കളാഴ്ച നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം ചൊവ്വാഴ്ചയാണ് ആദ്യറൗണ്ട് മത്സരങ്ങൾ ആരംഭിച്ചത്.

റാപിഡ് വിഭാഗത്തിലെ 15 റൗണ്ട് മത്സരങ്ങൾ 28ാം തിയതി വരെ നടക്കും. 29 നാണ് ബ്ലിറ്റ്സ് വിഭാഗം തുടങ്ങുന്നത്. 29 നും 30 നും ബ്ലിറ്റ്സിലെ 21 റൗണ്ടുകൾ. അന്നുതന്നെ സമാപനവും. ഉദ്ഘാടന ചടങ്ങിൽ സൗദി ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽമുഹ്സിൻ ആലുൈശഖ്, ഫിഡെ ഡെപ്യൂട്ടി പ്രസിഡൻറ് ജോർജിയോസ് മാർകോപുലസ്, ഏഷ്യൻ ചെസ് ഫെഡറേഷൻ പ്രസിഡൻറ് ശൈഖ് സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ, സൗദി ചെസ് ഫെഡറേഷൻ പ്രസിഡൻറ് സുലൈമാൻ മുഅതസ് അബ്ദുറഹ്മാൻ എന്നിവർ പെങ്കടുത്തു. ആദ്യദിനത്തിൽ ചൈനയുടെ ബു സിയാങ്ഷി ആണ് മാഗ്നസ് കാൾസണിനെ ഞെട്ടിച്ചത്. തിങ്കളാഴ്ച റിയാദിലെത്തിയ കാൾസൺ മുറബ്ബയിലെ നാഷനൽ മ്യൂസിയം സന്ദർശിച്ചിരുന്നു.