കിങ് സൽമാൻ സെൻററിന് 257 പദ്ധതികൾ; യമനിൽ 166
text_fieldsജിദ്ദ: കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിന് കീഴിൽ 257 പദ്ധതികൾ നടപ്പാക്കിയതായി ജനറൽ സൂപ്പർവൈസർ അബ്ദുല്ല അൽ റബീഅ. ഇതിൽ 166 പദ്ധതികളും യമനിലാണ്. യമനിലെ ഏതാണ്ടെല്ലാ ഗവർണറേറ്റുകളിലും കിങ് സൽമാൻ സെൻററിെൻറ സഹായഹസ്തം എത്തിയിട്ടുണ്ടെന്നും പ്രാദേശിക സംവിധാനങ്ങളുടെയും യു.എൻ സംഘടനകളുടെയും സഹായത്തോടെയാണ് നടപ്പാക്കിയതെന്നും മോസ്കോയിൽ റഷ്യൻ വാർത്താഏജൻസി ആസ്ഥാനത്ത് നടത്തിയ അബ്ദുല്ല അൽ റബീഅ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മൊത്തം 895 ദശലക്ഷം ഡോളറിെൻറ പദ്ധതികളാണ് 2015 ൽ സ്ഥാപിതമായതു മുതൽ കിങ് സൽമാൻ സെൻറർ നടപ്പാക്കിവരുന്നത്. 119 പ്രാദേശിക, രാജ്യാന്തര കൂട്ടായ്മകളുടെ സഹായം ഇതിനുണ്ട്. നാലു ഭൂഖണ്ഡങ്ങളിലെ 39 രാജ്യങ്ങളിൽ സെൻററിെൻറ സഹായം എത്തുന്നു. വൈദ്യ, ചികിത്സ രംഗം, പരിസ്ഥിതി, വനിത, ശിശു ക്ഷേമം തുടങ്ങിയ മേഖലകളിലാണ് യമനിൽ പ്രധാനമായും ശ്രദ്ധയൂന്നുന്നത്. മാനുഷിക, സന്നദ്ധ, വ്യാവസായിക പ്രവർത്തനങ്ങൾക്കായി യമനിലെ എല്ലാ തുറമുഖങ്ങളും തുറന്നിരിക്കുകയാണ്. ഹൂതി നിയന്ത്രിക്കുന്ന മേഖലകളിൽ വരെ സഹായം എത്തിക്കുന്നുണ്ട്.
സന്നദ്ധ പ്രവർത്തനങ്ങളിൽ ഹൂതികൾ സൃഷ്ടിക്കുന്ന തടസങ്ങൾ കിങ് സൽമാൻ സെൻററിനെ നിരുത്സാഹപ്പെടുത്തുന്നില്ല. താഇസ് പോലുള്ള നഗരങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് സാധാരണക്കാർ ഹൂതികളുടെ പിടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇൗ വിഷയം രാജ്യാന്തര സമൂഹം ശ്രദ്ധിക്കണം. യമനിൽ അടുത്തിടെ പടർന്നുപിടിച്ച കോളറക്കെതിരായ പ്രതിരോധ നടപടികൾക്കാണ് ഇപ്പോൾ ശ്രമിക്കുന്നത്. കിങ് സൽമാൻ സെൻററിെൻറ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ കാരണം രോഗമുക്തി നിരക്ക് 99.7 ആക്കി ഉയർത്താനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
