Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൗരന്മാർക്കുള്ള സൽമാൻ രാജാവിന്റെ ആശ്വാസ പദ്ധതി: കുറഞ്ഞ ശമ്പളപരിധി ഉയർത്തൽ അഞ്ച് പ്രധാന തൊഴിൽ വിഭാഗങ്ങൾക്ക്; മാനവവിഭവശേഷി ഉപമന്ത്രി

text_fields
bookmark_border
സ്വകാര്യമേഖലയിലെ സൗദി പങ്കാളിത്തം ശക്തമാക്കും
പൗരന്മാർക്കുള്ള സൽമാൻ രാജാവിന്റെ ആശ്വാസ പദ്ധതി: കുറഞ്ഞ ശമ്പളപരിധി ഉയർത്തൽ അഞ്ച് പ്രധാന തൊഴിൽ വിഭാഗങ്ങൾക്ക്; മാനവവിഭവശേഷി ഉപമന്ത്രി
cancel

റിയാദ്: സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരെ 'നിതാഖാത്' പദ്ധതിയിലെ സ്വദേശിവൽകരണ ശതമാനത്തിൽ പൂർണ്ണമായി കണക്കാക്കുന്നതിനുള്ള കുറഞ്ഞ ശമ്പളപരിധി 5,000 റിയാലായി ഉയർത്തുന്ന തീരുമാനത്തിൽ അഞ്ച് പ്രധാന തൊഴിൽ വിഭാഗങ്ങൾ ഉൾപ്പെടുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽകാര്യ ഉപമന്ത്രി ഡോ. അബ്ദുല്ല അബുത്വനൈൻ പറഞ്ഞു.

കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ശിപാർശയെ തുടർന്ന് സൗദി പൗരന്മാർക്ക് പിന്തുണ നൽകുന്ന നിരവധി സഹായ പദ്ധതികൾക്കുള്ള സൽമാൻ രാജാവിന്റെ ഉത്തരവ് വന്ന ശേഷം സ്വാകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സാമൂഹി വികസന ഡെപ്യൂട്ടി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മുഴുവൻ സമയ ജീവനക്കാർ , ഭാഗികമായി ജോലി ചെയ്യുന്നവർ, ഫ്ലെക്സിബിൾ വർക്ക് വ്യവസ്ഥയിലുള്ള തൊഴിലാളികൾ, ഭാഗികമായി ജോലി ചെയ്യുന്ന വിദ്യാർഥികൾ, ജോലി ചെയ്യാൻ പ്രാപ്തരായ ഭിന്നശേഷിക്കാർ എന്നിവരാണ് ഈ അഞ്ച് പ്രധാന വിഭാഗങ്ങളെന്ന് അദ്ദേഹം പറഞ്ഞു.

ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ട സമയപരിധി വരുന്ന 2027 ഏപ്രിൽ 25 ആയിരിക്കും. ഇതോടെ 'നിതാഖാത്' പദ്ധതിയിൽ പരിഗണിക്കുന്ന കുറഞ്ഞ ശമ്പളപരിധി 5,000 സൗദി റിയാലായി മാറും. തുടർന്ന് രണ്ടാംഘട്ടം 2028 ഏപ്രിൽ 25ന് പ്രാബല്യത്തിൽ വരും. ഈ ഘട്ടത്തിൽ കുറഞ്ഞ ശമ്പളം 6,000 സൗദി റിയാലായി ഉയരുന്നതാണെന്നും ഡെപ്യൂട്ടി മന്ത്രി പറഞ്ഞു.

അടുത്ത വർഷം പ്രാബല്യത്തിൽ വരുന്ന ഒന്നാം ഘട്ടം നടപ്പിലാക്കാൻ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കായി ആറ് മാസത്തെ സാവകാശം നൽകിയിട്ടുണ്ടെന്ന് തീരുമാനം നടപ്പിലാക്കുന്നതിനുള്ള ഘടനയെക്കുറിച്ച് വിശദീകരിക്കവേ

ഡെപ്യൂട്ടി മന്ത്രി പറഞ്ഞു. തുടർന്ന് 12 മാസങ്ങൾക്ക് ശേഷം 2028 ഏപ്രിലിൽ രണ്ടാം ഘട്ടം ആരംഭിക്കും. സ്ഥാപനങ്ങൾക്ക് മുന്നൊരുക്കങ്ങൾ നടത്താനും ആവശ്യമായ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാനും പൗരന്മാർക്ക് നൽകുന്ന ശമ്പള നിലവാരവും തൊഴിലവസരങ്ങളും പുനഃപരിശോധിക്കാനും ഈ സാവകാശം മതിയായ അവസരം നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓരോ ഘട്ടത്തിന്റെയും ആവശ്യകതകൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

‘നിതാഖാത്' പദ്ധതിയിലെ സ്വദേശിവൽക്കരണ ശതമാനത്തിൽ സൗദി ജീവനക്കാരനെ പൂർണമായി കണക്കാക്കുന്നതിനുള്ള കുറഞ്ഞ ശമ്പളപരിധി ഉയർത്തുന്നത് വഴി ഉണ്ടാകുന്ന നിരവധി നേട്ടങ്ങളുണ്ടെന്നും ഡെപ്യൂട്ടി മന്ത്രി ചൂണ്ടിക്കാട്ടി. ഈ തീരുമാനം തൊഴിലിന്റെ ഗുണനിലവാരം വർധിപ്പിക്കുകയും, തൊഴിൽ സ്ഥിരത ഉറപ്പാക്കുകയും, തൊഴിലാളികളുടെ വരുമാന നിലവാരം ഉയർത്തുകയും ചെയ്യും.

ഇത് സ്വദേശി ജീവനക്കാരുടെ നൈപുണ്യവും പ്രവർത്തിപരിചയവും വികസിപ്പിക്കുന്നതിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ ശമ്പളപരിധി ഉയർത്തുന്നത് തൊഴിലവസരങ്ങളുടെ ആകർഷകത്വം വർധിപ്പിക്കുമെന്നും, പ്രത്യേകിച്ചും ജോലി അന്വേഷിക്കുന്നവർക്കും പുതിയതായി തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് കൂടുതൽ സഹായകമാകുമെന്നും തൊഴിൽ വിപണിയിൽ സൗദി പൗരന്മാരുടെ പങ്കാളിത്തം ശക്തമാക്കാൻ ഇത് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, വേതന വർധനവിനും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമൊപ്പം തൊഴിൽ വിപണിയിലും സ്വകാര്യ മേഖലയിലും സൗദികളുടെ പങ്കാളിത്തം ഉയർത്തുന്നതിനുള്ള പുതിയ നയങ്ങളും പദ്ധതികളും മാനവവിഭവശേഷി മന്ത്രാലയം വികസിപ്പിച്ചു വരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - King Salman's relief scheme for citizens
Next Story