സിറിയക്ക് പ്രതീക്ഷ നൽകി കിങ് സൽമാൻ റിലീഫ് കേന്ദ്രം, 61 മാനുഷിക പദ്ധതികൾ ആരംഭിച്ചു
text_fieldsസിറിയയിലെത്തിയ കെ.എസ് റിലീഫ് സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽറബീഅയെ സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽഷൈബാനി സ്വീകരിക്കുന്നു
റിയാദ്: സിറിയൻ ജനതക്ക് പ്രതീക്ഷ നൽകി കിങ് സൽമാൻ റിലീഫ് കേന്ദ്രം സിറിയയിൽ മാനുഷിക പദ്ധതികളുടെ 2,800 കോടി റിയാൽ വിലമതിക്കുന്ന ഒരു പാക്കേജ് ആരംഭിച്ചു. ഭക്ഷ്യസുരക്ഷ, ആരോഗ്യം, കമ്യൂണിറ്റി സഹായം, വെള്ളം, ശുചിത്വം, വിദ്യാഭ്യാസം, പാർപ്പിടം, പുനരധിവാസം എന്നീ മേഖലകളെ ഈ പദ്ധതികൾ ഉൾക്കൊള്ളുന്നു.
വീണ്ടെടുക്കൽ ശ്രമങ്ങളെ പിന്തുണക്കുന്നതിനും ദുരിതബാധിതരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും പദ്ധതികൾ ലക്ഷ്യമിടുന്നു. കിങ് സൽമാൻ റിലീഫ് കേന്ദ്രം സൂപ്പർവൈസർ ജനറൽ ഡോ. അബ്ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സിറിയ സന്ദർശിച്ച വേളയിലാണ് ഇത്രയും വലിയ മാനുഷിക പദ്ധതികൾ ആരംഭിച്ചത്. നിരവധി ദുരിതാശ്വാസ, മാനുഷിക, സന്നദ്ധ പരിപാടികളുടെയും പദ്ധതികളുടെയും ഉദ്ഘാടനവും ഒപ്പുവെക്കലും ലാൻഡ് റിലീഫ് ബ്രിഡ്ജ് സ്ഥാപിക്കലും ലക്ഷ്യമിട്ടാണ് സംഘത്തിന്റെ സന്ദർശനം.
2015ൽ സ്ഥാപിതമായതിനുശേഷം കെ.എസ് റിലീഫ് കേന്ദ്രം ഏകദേശം 500 കോടി റിയാലിൽ കൂടുതൽ വിലമതിക്കുന്ന ഏകദേശം 454 ദുരിതാശ്വാസ പദ്ധതികൾ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്ന് ഡമാസ്കസിൽ നടന്ന പദ്ധതി ഉദ്ഘാടന ചടങ്ങിൽ അൽ റബീഅ പറഞ്ഞു. സിറിയൻ ജനതയ്ക്കുള്ള സൗദി പിന്തുണ ഇവിടെ മാത്രം ഒതുങ്ങി നിൽക്കുന്നില്ല,
മറിച്ച് പതിറ്റാണ്ടുകളായി സിറിയയ്ക്കുള്ളിലും അയൽരാജ്യങ്ങളിലെ അഭയാർത്ഥി ക്യാമ്പുകളിലും മാനുഷിക സഹായ സംരംഭങ്ങൾ നടത്തുന്നതിനൊപ്പം അവർക്ക് സൗജന്യ വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും സഹായം നൽകിവരുന്നു. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും തുടർനടപടികളും പിന്തുണയും ഈ സമീപനത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. സിറിയ ഉൾപ്പെടെ ലോകമെമ്പാടുമുള്ള 108 രാജ്യങ്ങളിലേക്ക് വ്യാപിച്ച കേന്ദ്രത്തിന്റെ പ്രവർത്തനത്തിലൂടെ ഇത് ഒരു സമഗ്രമായ സംരംഭമായി പരിണമിച്ചുവെന്നും അൽറബീഅ പറഞ്ഞു.
കിംങ് സൽമാൻ റിലീഫ് കേന്ദ്രം വഴി സിറിയയ്ക്ക് സൗദി നൽകുന്ന പിന്തുണ സമീപ വർഷങ്ങളിൽ സിറിയക്കാരുടെ പുരോഗതിക്കും വളർച്ചക്കും കാരണമായിട്ടുണ്ടെന്ന് സിറിയൻ അടിയന്തര, ദുരന്തനിവാരണ മന്ത്രി റാഇദ് അൽസ്വാലിഹ് പറഞ്ഞു. ദുരിതാശ്വാസ, മാനുഷിക പ്രതികരണ മേഖലകളിൽ അടിസ്ഥാന സ്തംഭമായി മാറുന്നതിന് കേന്ദ്രവുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അൽസ്വാലിഹ് ഊന്നിപ്പറഞ്ഞു.
വിവിധ ഗവർണറേറ്റുകളിലെ കേടുപാടുകൾ സംഭവിച്ച ഭക്ഷ്യ ഉൽപ്പാദന സഥാപനങ്ങളുടെ പുനരുദ്ധാരണം, ഭൂകമ്പത്തിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്കായി 715 വീടുകൾ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതി, പള്ളികളുടെ പുനരുദ്ധാരണം, ഭവനരഹിതരായ ഏറ്റവും കൂടുതൽ ദുരിതബാധിതരായ കുടുംബങ്ങൾക്കായി 55 താൽക്കാലിക ഭവന യൂനിറ്റുകൾ ഒരുക്കൽ, വടക്കുപടിഞ്ഞാറൻ സിറിയയിലെ അനാഥരെ പരിചരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന പദ്ധതി, സിറിയയിലെ വിവിധ ഗവർണറേറ്റുകളിൽ 454 കിഡ്‌നി ഡയാലിസിസ് മെഷീനുകളുടെ വിതരണം തുടങ്ങിയവ മാനുഷിക പദ്ധതികളിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

