ദേശാടനപക്ഷികളുടെ ഇഷ്ടതാവളമായി കിങ് സൽമാൻ റോയൽ സംരക്ഷിത വനം
text_fieldsദേശാടന പക്ഷിയായ ‘ഗ്രേ ഹെറോൺ (ചാരമുണ്ടി)’ കിങ് സൽമാൻ റോയൽ റിസർവിലെത്തിയപ്പോൾ
യാംബു: സൗദി അറേബ്യയുടെ വടക്കൻ മേഖലയിലെ പ്രകൃതി സംരക്ഷിത പ്രദേശമായ കിങ് സൽമാൻ റോയൽ റിസർവ് വനം അപൂർവ ദേശാടനപക്ഷികളുടെ ഇഷ്ടകേന്ദ്രമായി മാറുന്നു. വംശനാശ ഭീഷണി നേരിടുന്ന അപൂർവ ദേശാടനപക്ഷികളടക്കം ശൈത്യകാലത്ത് ഈ സംരക്ഷിത വനത്തിലെത്തുന്നു. അപൂർവമായി കാണുന്ന ‘ഗ്രേ ഹെറോൺ(ചാരമുണ്ടി)’ പക്ഷിയുടെ സാന്നിധ്യം കഴിഞ്ഞ ദിവസം ഇവിടെ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു.
ശീതകാലത്ത് മാത്രം എത്തുന്ന ഗ്രേ ഹെറോണിന്റെ നീളം 98 സെന്റിമീറ്ററാണെങ്കിലും അതിന്റെ ചിറകുകൾ 195 സെന്റിമീറ്ററോളം വിടർത്താൻ കഴിയും. പൊതുവെ ഇവയുടെ ഭാരം 2070 ഗ്രാം വരെയായിരിക്കും. വലിയ കാലുകളും വലിയ കഴുത്തുമുള്ള വലുപ്പമേറിയതും എന്നാൽ ഇടത്തരം വലുപ്പമുള്ളതുമായ ഹെറോണുകൾ പ്രാദേശിക വംശനാശ ഭീഷണി നേരിടുന്ന പക്ഷികളിൽ ഒന്നാണ്.
ഈ സംരക്ഷിത വനത്തിലേക്ക് ശീതകാലത്ത് നൂറുകണക്കിന് ദേശാടനപക്ഷികൾ എത്താറുണ്ട്. പ്രകൃതിദത്ത സങ്കേതവും അതിന്റെ സന്തുലിതമായ പരിസ്ഥിതിയും വൈവിധ്യമാർന്ന ഭൂപ്രദേശവും ആവാസ വ്യവസ്ഥയുമൊക്കെ ഇവിടേക്ക് ദേശാടനപക്ഷികളെ ആകർഷിക്കുന്ന മുഖ്യഘടകങ്ങളാണ്. 290 ഇനം പക്ഷികൾ ഇവിടെയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സൗദിയുടെ ആകാശത്തിലൂടെ പ്രതിവർഷം 500 ദശലക്ഷത്തിലധികം പക്ഷികൾ ദേശാടനം നടത്തുന്നതായി രാജ്യത്തെ പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം നേരത്തേ വെളിപ്പെടുത്തിയിരുന്നു. ഭക്ഷണം തേടിയുള്ള സീസണൽ യാത്രകൾക്കിടയിൽ റിസർവ് വനങ്ങളിലും സൗദിയുടെ വിവിധ കടൽ തീരങ്ങളിലും മലനിരകളിലും ദേശാടന പക്ഷികൾ തമ്പടിക്കാറുണ്ട്.
പച്ചപുതച്ച മരുഭൂ മലനിരകളിലും താഴ്വരകളിലും ദേശാടനപക്ഷികൾ വിരുന്നെത്തുന്ന അഭൂതപൂർവമായ കാഴ്ചയാണുള്ളത്. ദേശാടനപക്ഷികൾക്ക് അനുയോജ്യമായ പരിസ്ഥിതി ഒരുക്കി നൽകാൻ പരിസ്ഥിതി മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിക്കുകയും അവയുടെ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ പാരിസ്ഥിതിക മൂല്യം ഉൾക്കൊള്ളുന്ന വിധത്തിലാണ് വിവിധ പദ്ധതികൾ അധികൃതർ നടപ്പാക്കുന്നത്.
ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിലേക്ക് പുനരധിവസിപ്പിക്കുന്നതിനും വേണ്ടി വൈവിധ്യമാർന്ന സംവിധാനങ്ങളാണ് റിസർവ് വനത്തിൽ ഒരുക്കുന്നത്. പ്രകൃതിയുടെ തനത് ആവാസ വ്യവസ്ഥയൊരുക്കി വന്യജീവികളുടെ സംരക്ഷണം പുനഃസ്ഥാപിക്കുന്നതിന് കിങ് സൽമാൻ റോയൽ റിസർവ് അതോറിറ്റി വലിയ ശ്രമങ്ങൾ നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

