ധീരജവാന്മാരുടെ സ്മരണയിൽ രാജ്യം; ആദരമർപ്പിച്ച് ഹമദ് രാജാവ്
text_fields1. രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി സാഖിർ പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്ന ഹമദ് രാജാവ്. കിരീടാവകാശി സമീപം 2. എയർഫോഴ്സിന്റെ
യുദ്ധവിമാനങ്ങൾ ആകാശത്ത് ഫ്ലൈപാസ്റ്റ് നടത്തുന്നു
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഭരണമേറ്റതിന്റെ 26ാം വാർഷികത്തിന്റെയും ഭാഗമായി ഡിസംബർ 17ന് രാജ്യം രക്തസാക്ഷിദിനം ആചരിച്ചു. രാജ്യത്തിന്റെ സുരക്ഷക്കും പരമാധികാരത്തിനും വേണ്ടി ജീവത്യാഗം ചെയ്ത ധീരരായ സൈനികരുടെ ഓർമ പുതുക്കുന്നതിനായാണ് ഈ ദിനം നീക്കിവെച്ചിരിക്കുന്നത്. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്), ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ്, നാഷനൽ ഇന്റലിജൻസ് ഏജൻസി തുടങ്ങിയ സുരക്ഷാവിഭാഗങ്ങളിൽ സേവനമനുഷ്ഠിക്കവെ വീരമൃത്യു വരിച്ചവരെ ആദരിക്കുന്നതിനായി ഹമദ് രാജാവാണ് ഈ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സൈനികവും മാനുഷികവുമായ ദൗത്യങ്ങൾക്കിടയിൽ മാതൃരാജ്യത്തിനായി ജീവൻ വെടിഞ്ഞവരുടെ ത്യാഗം വരുംതലമുറകൾക്ക് എന്നും മാതൃകയാണെന്ന് രാജാവ് അനുസ്മരിച്ചു. രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സാഖിർ കൊട്ടാരത്തിൽ ഹമദ് രാജാവിന്റെ മുഖ്യകാർമികത്വത്തിൽ ഔദ്യോഗിക ചടങ്ങുകൾ നടന്നു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.
ചടങ്ങിന്റെ ഭാഗമായി രാജാവ് സൈനികരുടെ ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. രക്തസാക്ഷികൾക്കായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ആദരസൂചകമായി പീരങ്കി വെടിയുണ്ടകൾ ഉതിർക്കുകയും ചെയ്തു. റോയൽ ബഹ്റൈൻ എയർഫോഴ്സിന്റെ യുദ്ധവിമാനങ്ങൾ ആകാശത്ത് വിസ്മയകരമായ ഫ്ലൈപാസ്റ്റ് നടത്തി ആദരമർപ്പിച്ചു. ജീവന്റെയും അതിജീവനത്തിന്റെയും പ്രതീകമായി ഹമദ് രാജാവും കിരീടാവകാശിയും ചേർന്ന് കൊട്ടാര അങ്കണത്തിൽ ഈന്തപ്പന നനച്ചു. അൽ ഫത്തേ ഇസ്ലാമിക് മോസ്ക് പ്രഭാഷകൻ ശൈഖ് അദ്നാൻ അൽ ഖത്താൻ രക്തസാക്ഷികൾക്കായി പ്രത്യേക പ്രാർഥന നടത്തി.
മാനുഷികകാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി ചെയർമാനും യുവജന, കായിക സുപ്രീം കൗൺസിൽ ഒന്നാം വൈസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, ബി.ഡി.എഫ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ, നാഷനൽ ഗാർഡ് കമാൻഡർ ജനറൽ ശൈഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് താങ്ങും തണലുമാകുന്നതിനായി 2016ൽ ഹമദ് രാജാവിന്റെ ഉത്തരവിലൂടെ 'റോയൽ ഫണ്ട് ഫോർ ഫാളൻ സർവിസ് മെൻ' സ്ഥാപിതമായിരുന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ ഫണ്ട്, രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികളും സഹായങ്ങളും ഉറപ്പാക്കിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

