കിങ് ഫൈസല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

11:41 AM
28/03/2018

റിയാദ്: 2018ലെ കിങ് ഫൈസല്‍ അന്താരാഷ്​ട്ര അവാര്‍ഡ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് വിതരണം ചെയ്തു. ഫൈസല്‍ ഫൗണ്ടേഷന്‍ ആസ്ഥാനത്തുള്ള അല്‍ഫൈസലിയ ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. അവാര്‍ഡ് കമ്മിറ്റി മേധാവിയും മക്ക മേഖല ഗവര്‍ണറ​ുമായ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഇസ്​ലാമിക സേവനം, ഇസ്​ലാമിക പഠനം, അറബി ഭാഷ, വൈദ്യശാസ്​ത്രം‍, ശാസ്​ത്രം എന്നീ ശാഖകളിലാണ് അവാര്‍ഡ് നല്‍കാറുള്ളത്.

ഈവര്‍ഷത്തെ ഇസ്​ലാമിക സേവനത്തിനുള്ള അവാര്‍ഡ് ഇന്തോനേഷ്യയില്‍ നിന്നുള്ള പ്രഫ. ഇര്‍വാന്‍ഡി ജസ്വീറിനാണ് ലഭിച്ചത്. ഇസ്​ലാമിക പഠനത്തിനുള്ള അവാര്‍ഡ് ജോർഡനിലെ പ്രഫ. ബശാര്‍ അവ്വാദ് കരസ്ഥമാക്കി. അറബി ഭാഷക്കുള്ള അവാര്‍ഡ് തുനീഷ്യന്‍ പ്രഫസറായ ചോക്രി മബ്ഖൂത്തിന് ലഭിച്ചു. മെഡിസിനില്‍ അമേരിക്കയില്‍ നിന്നുള്ള ജയിംസ് ആലിസണ്‍ അവാര്‍ഡ് ജേതാവായപ്പോള്‍ ശാസ്​ത്ര അവാര്‍ഡ് ബ്രിട്ടനിലെ ജോണ്‍ ബാള്‍ കരസ്ഥമാക്കി. 40 വര്‍ഷം പിന്നിടുന്ന കിങ് ഫൈസല്‍ അവാര്‍ഡ് ലഭിച്ച പല പ്രമുഖരും പിന്നീട് നൊബേല്‍ സമ്മാനം ഉള്‍പ്പെടെയുള്ള അന്താരാഷ്​ട്ര ബഹുമതിക്ക് അര്‍ഹരായിട്ടുണ്ട്. രണ്ട് ലക്ഷം ഡോളറും 200 ഗ്രാം സ്വര്‍ണ മെഡലും പ്രശസ്തി പത്രവും അടങ്ങിയതാണ് ഫൈസല്‍ അവാര്‍ഡ്. 

Loading...
COMMENTS