ഹൃദ്രോഗികൾക്ക് ആശ്വാസമായി വയർലെസ് നിരീക്ഷണ സംവിധാനവുമായി കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി
text_fieldsമക്ക: ഹൃദയസ്തംഭന ബാധിതരായ രോഗികളെ വിദൂരത്തിരുന്ന് നിരന്തരം നിരീക്ഷിക്കുന്നതിനായി ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ‘കാർഡിയോ മെംസ്’ സാങ്കേതികവിദ്യ കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ഹാർട്ട് ഹെൽത്ത് സെൻറർ വിജയകരമായി നടപ്പാക്കി. രോഗലക്ഷണങ്ങൾ പുറമേക്ക് പ്രകടമാകുന്നതിന് മുൻപ് തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കാനും രോഗികളുടെ ജീവിതനിലവാരം ഉയർത്താനും സഹായിക്കുന്ന വലിയൊരു ചുവടുവെപ്പാണിത്.
ശ്വാസകോശ ധമനികളിലെ രക്തസമ്മർദ്ദം തുടർച്ചയായി അളക്കുന്ന സാങ്കേതികവിദ്യയാണ് ഇതിലുള്ളത്. ഹൃദയസ്തംഭനം വഷളാകുന്നതിൻ്റെയോ ശരീരത്തിൽ ദ്രാവകം കെട്ടിക്കിടക്കുന്നതിൻ്റെയോ പ്രാരംഭ സൂചനകൾ ദിവസങ്ങൾക്കോ ആഴ്ചകൾക്കോ മുൻപ് തിരിച്ചറിയാൻ മെഡിക്കൽ ടീമിന് ഇതിലൂടെ സാധിക്കും. ഇത് മുൻകൂട്ടി കൃത്യമായ ചികിത്സ നൽകാനും ചികിത്സാ പദ്ധതികളിൽ മാറ്റം വരുത്താനും സഹായിക്കുന്നതിനാൽ രോഗികൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടേണ്ട സാഹചര്യം ഗണ്യമായി കുറയുന്നു.
അമേരിക്കൻ ഹാർട്ട് അസോസിയേഷെൻറ വർഗ്ഗീകരണമനുസരിച്ച് രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടങ്ങളിൽ ഉൾപ്പെടുന്ന ഹൃദ്രോഗികളെ ലക്ഷ്യമിട്ടാണ് ഈ സംവിധാനം നടപ്പിലാക്കുന്നത് എന്ന് മെഡിക്കൽ ടീം വ്യക്തമാക്കി.
ലളിതമായ റൈറ്റ് ഹാർട്ട് കാത്തറ്ററൈസേഷൻ പ്രക്രിയയിലൂടെ പൾമണറി ആർട്ടറിയിൽ ബാറ്ററിയോ വയറുകളോ ഇല്ലാത്ത അതിസൂക്ഷ്മമായ ഒരു വയർലെസ് സെൻസർ സ്ഥിരമായി ഘടിപ്പിക്കുന്നു. ഇതിനൊപ്പം നൽകുന്ന പുതിയ തലമുറ സ്മാർട്ട് ഹോം ഉപകരണവും പ്രത്യേക തലയണയും ഉപയോഗിച്ച് രോഗിക്ക് സ്വന്തം വീട്ടിൽ വെച്ച് ദിവസേന വളരെ എളുപ്പത്തിൽ റീഡിംഗുകൾ എടുക്കാം.
ഈ വിവരങ്ങൾ സുരക്ഷിതമായ ഒരു ക്ലൗഡ് പ്ലാറ്റ്‌ഫോമിലേക്കാണ് വയർലെസ് സംവിധാനത്തിലൂടെ കൈമാറുന്നത്. അവിടെ ലഭ്യമാകുന്ന കൃത്യമായ ഗ്രാഫുകൾ വഴി മെഡിക്കൽ ടീമിന് രോഗിയുടെ പൾമണറി ആർട്ടറി മർദ്ദം ദിവസേന നിരീക്ഷിക്കാം. രോഗി ക്ലിനിക്കിൽ നേരിട്ട് വരാതെ തന്നെ ഡൈയൂററ്റിക്‌സ് അല്ലെങ്കിൽ മറ്റ് ഹൃദ്രോഗ മരുന്നുകളുടെ അളവിൽ ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ ഇതിലൂടെ ഡോക്ടർമാർക്ക് സാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

