കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിന് ഇന്ന് സമാപനം
text_fieldsമക്ക: 45ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സര സമാപന ചടങ്ങ് ഇന്ന് (ബുധനാഴ്ച) നടക്കും. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. മസ്ജിദുൽ ഹറാമിൽ തുടർച്ചയായി ആറു ദിവസം നീണ്ടുനിന്ന അവസാന റൗണ്ടുകളുടെ പരിസമാപ്തിയായാണ് ചടങ്ങ്. ചടങ്ങിൽ മത്സരത്തിലെ അഞ്ച് വിഭാഗങ്ങളിലെയും മികച്ച വിജയികളെയും ജഡ്ജിങ് പാനലിലെ അംഗങ്ങളെയും ആദരിക്കും. ഖുർആനിനെ സേവിക്കുന്നതിലും ജനങ്ങളെ പരിപാലിക്കുന്നതിലും സൗദിയുടെ മുൻനിര പങ്ക് ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര മത്സരത്തിന്റെ നിലവാരത്തിന് അനുയോജ്യമായ മതപരമായ അന്തരീക്ഷത്തിലാണ് ചടങ്ങ് നടക്കുക.
ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഖുർആൻ മത്സരങ്ങളിൽ ഒന്നാണ് കിങ് അബ്ദുൽ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം. 128 രാജ്യങ്ങളിൽ നിന്നുള്ള 179 മത്സരാർഥികൾ പങ്കെടുത്ത ഇത്തവണത്തെ മത്സരം ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുത്ത വർഷം കൂടിയാണ്.
അഞ്ചു ശാഖകളിലായാണ് മത്സരം നടന്നത്. വിജയികളെ കാത്തിരിക്കുന്നത് 40 ലക്ഷം റിയാൽ ക്യാഷ് പ്രൈസുകളാണ്. പങ്കെടുക്കുന്നവരുടെ എണ്ണത്തിലെന്ന പോലെ സമ്മാനങ്ങളുടെ മൂല്യത്തിലും ഏറ്റവും വലിയ മത്സരങ്ങളിൽ ഒന്നായി ഇപ്രാവശ്യത്തെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

