കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം സമാപിച്ചു
text_fieldsഖുർആൻ മത്സര വിജയികൾ
മക്ക: 45ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പരായണ മത്സരം മക്കയിൽ സമാപിച്ചു. സമാപന ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ സുഊദ് ബിൻ മിശ്അൽ, മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ്, അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർ, സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പണ്ഡിതർ, മതപ്രഭാഷകർ, ഇമാമുകൾ അടക്കം നിരവധിപേർ പങ്കെടുത്തു. ഖുർആനെ സേവിക്കുന്നതിലും ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽനിന്നുള്ള അതിന്റെ മനഃപാഠക്കാരെ പ്രാത്സാഹിപ്പിക്കുന്നതിലും സൗദിയുടെ മുൻനിര സ്ഥാനം പ്രതിഫലിപ്പിക്കുന്നതായിരുന്നു മക്ക ഹറമിൽ മതകാര്യ വകുപ്പ് ഒരുക്കിയ ചടങ്ങ്.
ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ആദം മുഹമ്മദിന് സമ്മാനം കൈമാറുന്നു
പരിപാടിക്കെത്തിയവരെ മതകാര്യ മന്ത്രി സ്വാഗതം ചെയ്തു. സ്ഥാപക രാജാവായ അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ ഇന്നോളം തുടർന്നുവരുന്ന ഈ മത്സരം അത് നടക്കുന്ന സ്ഥലത്തിന്റെ ബഹുമാനവും പവിത്രതയും കൊണ്ട് ചരിത്രം രേഖപ്പെടുത്തുന്ന അനുഗൃഹീതമായ പ്രവൃത്തികളിൽ ഒന്നാണെന്ന് മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു. വിഷൻ 2030 മായി പൊരുത്തപ്പെടുന്ന രീതിയിൽ വിജയം ഉറപ്പാക്കാൻ മന്ത്രാലയം അതിന്റെ എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. വിവിധ മേഖലകളിൽ ഗുണനിലവാരവും മികവും അതിന്റെ മുഖമുദ്രയാക്കി.
സൗദി അറേബ്യ, മൊറോക്കോ, ഉഗാണ്ട, അൽബേനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത പണ്ഡിതരുടെ ഒരു സംഘം ഈ സെഷനിലെ ജൂറിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. ഫലങ്ങളുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ സഹായിച്ച സമഗ്രവും സംയോജിതവുമായ ഒരു ഇലക്ട്രോണിക് ആർബിട്രേഷൻ സംവിധാനത്തിന്റെ പിന്തുണയോടെ, സുതാര്യതയും നീതിയും സ്വഭാവ സവിശേഷതകളുള്ള കൃത്യമായ മാനദണ്ഡങ്ങൾക്കനുസൃതമായാണ് ജൂറി വിധി പ്രസ്താവിച്ചത്. മത്സരത്തിൽ വിജയിച്ച 21 പേർക്ക് മൊത്തം 40 ലക്ഷം റിയാൽ സമ്മാനവും ഫലകങ്ങളും നൽകി ആദരിച്ചു. മത്സരത്തിൽ ഒന്നാം വിഭാഗത്തിൽ റിപ്പബ്ലിക് ഓഫ് ഛാദിൽനിന്നുള്ള മുഹമ്മദ് ആദം മുഹമ്മദ് ഒന്നാം സ്ഥാനം നേടി. അദ്ദേഹത്തിന് 5,00,000 റിയാൽ സമ്മാനമായി ലഭിച്ചു. സൗദിയിൽനിന്നുള്ള അനസ് ബിൻ മജീദ് അൽഹസ്മി രണ്ടാം സ്ഥാനം നേടി 4,50,000 റിയാലും, നൈജീരിയയിൽനിന്നുള്ള സനൂസി ബുഖാരി ഇദ്രീസ് മൂന്നാം സ്ഥാനം നേടി 4,00,000 റിയാലും സമ്മാനമായി ലഭിച്ചു. രണ്ടാം വിഭാഗത്തിൽ, സൗദിയിൽനിന്നുള്ള മൻസൂർ ബിൻ മുതബ് അൽഹർബി ഒന്നാം സ്ഥാനം നേടി 3,00,000 റിയാൽ സമ്മാനത്തിനർഹനായി. അൽജീരിയയിൽനിന്നുള്ള അബ്ദുൽവദൂദ് ബിൻ സെദിറ രണ്ടാം സ്ഥാനം നേടി.
അവർക്ക് 2,75,000 റിയാലും ഇത്യോപ്യയിൽ നിന്നുള്ള ഇബ്രാഹീം ഖൈർ എൽദിൻ മുഹമ്മദ് മൂന്നാം സ്ഥാനം നേടി 2,50,000 റിയാലും സമ്മാനം ലഭിച്ചു. മൂന്നാം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയത് യമനിൽനിന്നുള്ള മുഹമ്മദ് ദമാജ് അൽഷുയി ആണ്. 2,00,000 റിയാൽ ആണ് സമ്മാനത്തുക. രണ്ടാം സ്ഥാനം ഛാദിൽനിന്നുള്ള മുഹമ്മദ് കോസിക്ക് ലഭിച്ചു. അദ്ദേഹത്തിന് 1,90,000 റിയാൽ സമ്മാനം ലഭിച്ചു. മൂന്നാം സ്ഥാനം സെനഗലിൽനിന്നുള്ള ബദർ ജാങ്ങിന് ലഭിച്ചു. അദ്ദേഹത്തിന് 1,80,000 റിയാലും സമ്മാനമായി ലഭിച്ചു. നാലാം സ്ഥാനം അമേരിക്കയിൽനിന്നുള്ള മുഹമ്മദ് അമീൻ ഹസ്സൻ നേടി 1,70,000 റിയാലും അഞ്ചാം സ്ഥാനം ഫലസ്തീനിൽ നിന്നുള്ള മുഹമ്മദ് കമാൽ മൻസി നേടി 160,000 റിയാലും സമ്മാനമായി ലഭിച്ചു.
സമാപന ചടങ്ങിൽ മക്ക ഡെപ്യൂട്ടി ഗവർണർ സുഊദ് ബിൻ മിശ്അലും മറ്റ് അതിഥികളും
നാലാം വിഭാഗത്തിലെ വിജയികളും സമ്മാനത്തുകയും: ഒന്നാം സ്ഥാനം ഈജിപ്തിൽനിന്നുള്ള നാസർ അബ്ദുൽ മജീദ് അമർ (1,50,000 റിയാൽ), രണ്ടാം സ്ഥാനം ഇന്തോനേഷ്യയിൽനിന്നുള്ള ബയോ വിബ്സോനോ (1,40,000 റിയാൽ), മൂന്നാം സ്ഥാനം ലാ റീ യൂണിയൻ ദ്വീപിൽനിന്നുള്ള താഹിർ പട്ടേൽ (1,30,000 റിയാൽ), നാലാം സ്ഥാനം സൊമാലിയയിൽനിന്നുള്ള യൂസഫ് ഹസ്സൻ ഉസ്മാൻ (1,20,000 റിയാൽ), അഞ്ചാം സ്ഥാനം മാലിയിൽനിന്നുള്ള ബൗബക്കർ ഡിക്കോ (1,10,000 റിയാൽ). അഞ്ചാം വിഭാഗത്തിലെ വിജയികളും സമ്മാനത്തുകയും: ഒന്നാം സ്ഥാനം തായ്ലൻഡിൽനിന്നുള്ള അൻവി ഇന്ററാത്ത് (65,000 റിയാൽ) രണ്ടാം സ്ഥാനം പോർച്ചുഗലിൽനിന്നുള്ള സലാഹുദ്ദീൻ ഹുസാം വസാനി (60,000 റിയാൽ), മൂന്നാം സ്ഥാനം മ്യാൻമറിൽനിന്നുള്ള ചായിംഗ് വാന സു (55,000 റിയാൽ), നാലാം സ്ഥാനം ബോസ്നിയ ആൻഡ് ഹെർസഗോവിനയിൽനിന്നുള്ള അബ്ദുൾറഹ്മാൻ അബ്ദുൾമുനിം (50,000 റിയാൽ), അഞ്ചാം സ്ഥാനം കൊസോവോയിൽ നിന്നുള്ള അനിസ് ഷാല (45,000 റിയാൽ).
128 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 179 മത്സരാർഥികളാണ് മത്സരത്തിൽ പങ്കെടുത്തത്. മത്സരം ആരംഭിച്ചതിനുശേഷം ഏറ്റവും വലിയ അന്താരാഷ്ട്ര പങ്കാളിത്തമാണിത്. മത്സരത്തിന്റെ വിജയത്തിന് എല്ലാവിധ പ്രയത്നങ്ങളും നടത്തിയ ജഡ്ജിങ്, വർക്കിങ് കമ്മിറ്റികളിലെയും സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

