കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരം ഇന്ന്
text_fieldsകിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർഥികളെ സ്വീകരിക്കുന്നു
മക്ക: 45ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരത്തിന് ഇന്ന് മക്കയിൽ തുടക്കമാവും. മക്ക മസ്ജിദുൽ ഹറാമിൽ നടക്കുന്ന മത്സരത്തിൽ 128 രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുക്കും. മത്സരം ആരംഭിച്ച ശേഷം ഏറ്റവും കൂടുതൽ രാജ്യങ്ങൾ പങ്കെടുക്കുന്ന വർഷമാണ് ഇത്തവണ. ഇത് ഖുർആൻ മത്സര മേഖലയിലെ ആഗോള സ്വാധീനം പ്രതിഫലിപ്പിക്കുന്നു.
ആഗോളതലത്തിൽ ഖുർആനെ സേവിക്കുന്നതിനുള്ള സൗദിയുടെ താൽപര്യവും ശ്രദ്ധയും ഉൾക്കൊള്ളുന്നതാണ് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരമെന്ന് മതകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. തുടർച്ചയായി മത്സരത്തിന് ലഭിക്കുന്ന പിന്തുണക്കും സഹായത്തിനും സൗദി ഭരണകൂടത്തിന് അദ്ദേഹം നന്ദി പറഞ്ഞു.
എല്ലാ വർഷവും ലോകമെമ്പാടുമുള്ള ഖുർആൻ മനഃപാഠകരുടെ പ്രത്യേക സംഘത്തെ മസ്ജിദുൽ ഹറാമിൽ ഒരുമിച്ചുകൂട്ടാൻ പറ്റുന്നു എന്നതാണ് മത്സരത്തിന്റെ സവിശേഷത. ദൈവിക ഗ്രന്ഥത്തിന്റെ സേവനത്തെ ഏകീകരിക്കാനും സംരക്ഷിക്കാനും ഭൗതിക വെല്ലുവിളികളെ നേരിടാനുമുള്ള സൗദിയുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ മത്സരം ആഗോളതലത്തിൽ ഒരു വഴികാട്ടിയായും അഭിമാനകരമായ ഒരു അന്താരാഷ്ട്ര വേദിയായും മാറിയിരിക്കുന്നുവെന്നും മതകാര്യ മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

