കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനപ്പാഠ, പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsകിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനപ്പാഠ, പാരായണ മത്സരവിജയികൾ മക്കയിലെ സമ്മാന വിതരണചടങ്ങിൽ
മക്ക: 44ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനപ്പാഠ, പാരായണ മത്സര വിജയികളെ പ്രഖ്യാപിച്ചു. മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖിന്റെ സാന്നിധ്യത്തിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ മത്സര വിജയികളെ ആദരിച്ചു.
ജൂറിമാർ, മത്സരകമ്മിറ്റി മേധാവികൾ, സർക്കാർ ഏജൻസികൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. മസ്ജിദുൽ ഹറാമിൽ മതകാര്യ വകുപ്പ് സംഘടിപ്പിച്ച സമാപന ചടങ്ങിൽ അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ നിരവധി ഉന്നതർ, ശ്രേഷ്ഠർ, പണ്ഡിതന്മാർ, ശൈഖുമാർ, അംബാസഡർമാർ, നിരവധി സർക്കാർ ഏജൻസി ഉദ്യോഗസ്ഥർ, സുരക്ഷ മേധാവികൾ, മക്ക മേഖലയിലെ നിരവധി പ്രഭാഷകർ, പള്ളി ഇമാമുമാർ എന്നിവർ പെങ്കടുത്തു.
അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. മത്സര വിജയികൾക്കുള്ള ആകെ സമ്മാനത്തുക 40 ലക്ഷം റിയാലാണ്. ആദ്യ വിഭാഗത്തിൽ അഞ്ച് ലക്ഷം റിയാലിന്റെ ഒന്നാം സമ്മാനം സൗദി പൗരൻ സഅദ് ബിൻ ഇബ്രാഹിം ബിൻ ഹമദ് അൽ റുവൈതിഅ്നാണ്.
രണ്ടാം സമ്മാനമായ 4,50,000 റിയാലിന് നൈജീരിയക്കാരൻ നാസർ ഇബ്രാഹിം മുഹമ്മദും നാല് ലക്ഷം റിയാലിന്റെ മൂന്നാം സമ്മാനം ജോർഡാനിയൻ പൗരനായ ദിയാഅ് ത്വലാൽ ഫത്ഹി ഇബ്രാഹിമും അർഹരായി.
രണ്ടാം വിഭാഗത്തിൽ സൗദി പൗരൻ ജാബിർ ബിൻ ഹുസൈൻ അൽമാലികിനാണ് മൂന്ന് ലക്ഷം റിയാലിന്റെ ഒന്നാം സമ്മാനം. നൈജീരിയക്കാരനായ അബ്ദുല്ല താലിത് സ്വാലിഹ് ഇബാഹിന് രണ്ടാം സമ്മാനമായ 2,75,000 റിയാലും അൽജീരിയൻ സ്വദേശി ബറാഹീം റിദ്വാന് രണ്ടര ലക്ഷം റിയാലിന്റെ മൂന്നാം സമ്മാനവും ലഭിച്ചു.
മൂന്നാം വിഭാഗത്തിൽ ഒന്നാം സ്ഥാനം ബംഗ്ലാദേശി പൗരൻ അനസ് ബിൻ അതീഖിനും (രണ്ട് ലക്ഷം റിയാൽ) രണ്ടാം സ്ഥാനം ഫിലിപ്പീൻസ് പൗരനായ മദാഇർ ശുഐബ് ബിതോക്കും (1,90,000 റിയാലും മൂന്നാം സ്ഥാനം ലിബിയയിൽനിന്നുള്ള അനസ് ബിൻ ഇബ്രാഹിം മിസ്ബാഹിനും (1,80,000 റിയാൽ) നാലാം സ്ഥാനം യമനി പൗരൻ ഹിഷാം സഇൗദ് ബക്കൂറക്കും (1,70,000 റിയാൽ) അഞ്ചാം സ്ഥാനം മാലി സ്വദേശി സുലൈമാൻ സിലക്കും (1,60,000 റിയാൽ) ലഭിച്ചു.
നാലാം വിഭാഗത്തിൽ ബംഗ്ലാദേശി പൗരൻ മുആദ് മഹ്മൂദിനാണ് ഒന്നാം സമ്മാനമായ 1,50,000 റിയാൽ. ഫലസ്തീൻ പൗരൻ അബാദ നൂർ അൽ ദീൻ സുൽത്താൻ രണ്ടാം സമ്മാനമായ 1,40,000 റിയാലിനും ഇന്തോനേഷ്യൻ പൗരൻ അഹ്മദ് ഫർഹാന് മൂന്നാം സമ്മാനമായ 1,30,000 റിയാലിനും മാലിയിൽനിന്നുള്ള മുഹമ്മദ് തൂർ നാലാം സമ്മാനമായ 1,20,000 റിയാലിനും അമേരിക്കയിൽനിന്നുള്ള ഇൽയാസ് അഹ്മദ് ഫറ അഞ്ചാം സമ്മാനമായ 1,10,000 റിയാലിനും അർഹരായി.
അഞ്ചാം വിഭാഗത്തിൽ ഒന്നാം സ്ഥാനം ലാ റീയൂനിയനിൽ നിന്നുള്ള ബിലാൽ അഹ്മദ് സുലൈമാനും (65,000 റിയാൽ), രണ്ടാം സ്ഥാനം ജർമനിയിൽനിന്നുള്ള ഫനീബ് സ്വാദിഖിനും (60,000 റിയാൽ) മൂന്നാം സ്ഥാനം ആസ്ട്രേലിയയിൽ നിന്നുള്ള അലി ഇംറാൻ അബ്ദുല്ലക്കും (55,000 റിയാൽ), നാലാം സ്ഥാനം മ്യാന്മറിൽനിന്നുള്ള തൂത് മിയാതിനും (50,000 റിയാൽ), അഞ്ചാം സ്ഥാനം ബോസ്നിയ ആൻഡ് ഹെർസഗോവിനയിൽനിന്നുള്ള മുഹമ്മദ് മുസ്തഫ ഗാർബോക്കും (45,000 റിയാൽ) ആണ് ലഭിച്ചത്.
ഈ മാസം 10നാണ് മക്ക ഹറമിൽ 44ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനപ്പാഠ, പാരായണ മത്സരം ആരംഭിച്ചത്. 123 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 173 മത്സരാർഥികളാണ് ഇത്തവണ മത്സരങ്ങളിൽ പങ്കെടുത്തത്.
ഹിജ്റ 1399ൽ മത്സരം ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതൽ രാജ്യങ്ങൾ മത്സരത്തിൽ പങ്കെടുത്ത വർഷം കൂടിയാണിത്. മത്സരരാർഥികളുടെ നിലവാരത്തെ മതകാര്യമന്ത്രി പ്രശംസിച്ചു. മികവിനും നേട്ടത്തിനും വിജയികൾക്ക് അഭിനന്ദനങ്ങൾ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

