നിയോമിൽ ഗോൾഫ് പ്രേമികൾക്കായി ‘കിദോരി’ ഉപനഗരം നിർമിക്കുന്നു
text_fieldsനിയോമിൽ നിർമിക്കുന്ന ഗോൾഫ് ഉപനഗരമായ ‘കിദോരി’യുടെ മാതൃക
തബൂക്ക്: നിയോമിൽ ഗോൾഫ് പ്രേമികളുടെ ഒത്തുചേരലിനായി ‘കിദോരി’ എന്ന ഉപനഗര നിർമാണപദ്ധതി നിയോം ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. അഖബ ഉൾക്കടലിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ തീരദേശ കുന്നുകൾക്കിടയിലാണ് ഇത് നടപ്പാക്കുന്നത്.
ചുറ്റുപാടുമുള്ള പ്രകൃതിദൃശ്യങ്ങളുമായി ഒത്തുചേരുന്ന വിധത്തിൽ അതുല്യമായ വാസ്തുവിദ്യാ ഡിസൈനുകൾ, ആഡംബര ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ, മികച്ച താമസ, കായിക, വിനോദ സൗകര്യങ്ങൾ എന്നിവയിലൂടെ ‘കിദോരി’ അസാധാരണ ജീവിതാനുഭവങ്ങൾ നൽകും.
പുതിയ ലക്ഷ്യസ്ഥാനത്തിന്റെ മധ്യത്തിൽ ബീച്ചിന് മുന്നിൽ മികച്ച എൻജിനീയറിങ് നവീകരണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു ഐക്കണിക് കെട്ടിടമുണ്ടാകും. റസ്റ്റാറൻറുകൾ, റീട്ടെയിൽ സ്റ്റോറുകൾ, പൂന്തോട്ടങ്ങൾ എന്നിവയുൾപ്പെടെ കടലിനഭിമുഖമായി 190 ആഡംബര അപ്പാർട്മെൻറുകൾ ഉൾപ്പെടുന്നതാണ് ഈ കെട്ടിടം.
പുതിയ ലക്ഷ്യസ്ഥാനത്ത് ലോകോത്തര ഗോൾഫ് കോഴ്സും ആരോഗ്യകരമായ ജീവിതശൈലി വർധിപ്പിക്കുന്ന വിനോദ അനുഭവങ്ങളുടെ ഒരു ശ്രേണിയും ഉൾപ്പെടുന്നു.
18 ദ്വാരങ്ങളുള്ള കിദോരി ഗോൾഫ് കോഴ്സ് താഴ്ന്ന കുന്നുകളിലും ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിലും വ്യാപിച്ചുകിടക്കുന്നു. നൂതനമായ രൂപകൽപന, അതിശയകരമായ തീരദേശ കാഴ്ചകൾ, നൂതന സാങ്കേതികവിദ്യകൾ എന്നിവയാൽ വേർതിരിച്ചറിയുന്നതിന് പുറമെ എല്ലാ തലങ്ങളിലുമുള്ള ഗോൾഫ് മത്സരങ്ങൾ നടത്തുന്നതിനുള്ള ഒരു പ്രധാന സ്ഥലമായിരിക്കും ഇത്.
സ്ഥലത്തെ ഗോൾഫ് അക്കാദമി പരമ്പരാഗത പ്രഫഷനൽ പരിശീലന സേവനങ്ങൾ നൽകും. ഇ-സ്പോർട്സ് രംഗത്ത് ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചായിരിക്കും പരിശീലനം നൽകുക.

