ഖുറൈസ് വാഹനാപകടം; ഫർഹാന ഷെറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsഫർഹാന ഷെറിൻ
ദമ്മാം: സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽപോയി മടങ്ങവേ അൽ അഹ്സ-റിയാദ് റോഡിൽ ഖുറൈസ് പട്ടണത്തിനു സമീപം ഹുറൈറയിൽ വാഹനാപകടത്തിൽ മരിച്ച തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാർ-സെമീറ ദമ്പതികളുടെ മകൾ ഫർഹാന ഷെറിന്റെ (17) മൃതദേഹം വെള്ളിയാഴ്ച രാത്രിയിൽ നാട്ടിലെത്തിക്കും. ഉച്ചക്ക് 1.50ന് ദമ്മാമിൽനിന്ന് പുറപ്പെടുന്ന കോഴിക്കോട് വിമാനത്തിൽ ഇരട്ട സഹോദരി ഫർഹാന ജാസ്മിനും മാതാപിതാക്കളും മൃതദേഹത്തെ അനുഗമിക്കും.
അപകടത്തിൽ ഗുരുതര പരിക്കേറ്റ് ദമ്മാം മെറ്റേണിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനുജൻ അക്സൽ ഒഴികെയുള്ളവരാണ് പോകുന്നത്. സ്കാനിങ്ങിൽ കണ്ടെത്തിയ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അക്സൽ ആശുപത്രിയിൽ തുടരുകയാണ്. രാത്രി ഒമ്പതോടെ കോഴിക്കോട്ട് എത്തിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെ ആറോടെ തൃശൂർ നാട്ടികയിലുള്ള വീട്ടിലെത്തിക്കും. വീട്ടിൽ ദർശനത്തിനുവെച്ചശേഷം ഒമ്പതോടെ നാട്ടിക ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.റിയാദ് ബത്ഹയിലെ ഗ്ലോബൽ സോഴ്സ് ട്രേഡിങ് കമ്പനിയിൽ ജീവനക്കാരനാണ് സിദ്ദീഖ്. ഈ മാസം 24ന് പുലർച്ചെ നാലോടെയാണ് സിദ്ദീഖും കുടുംബവും സഞ്ചരിച്ച കാറിന് പിറകിൽ ട്രക്ക് ഇടിച്ച് അപകടമുണ്ടാവുന്നത്. പമ്പിൽനിന്ന് പെട്രോൾ നിറച്ച് തിരികെ ഹൈവേയിലേക്ക് കയറുമ്പോൾ ട്രക്ക് ഇടിക്കുകയായിരുന്നു.
കാർ നിശ്ശേഷം തകർന്നു. ഫർഹാന ഷെറിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. റെഡ് ക്രസൻറ് ആംബുലൻസ് സംഘം എത്തിയാണ് ഇവരെ തൊട്ടടുത്ത മെഡിക്കൽ സെന്ററിലേക്ക് മാറ്റിയത്. തോളെല്ല് പൊട്ടിയ അക്സലിനെ ആന്തിക രക്തസ്രാവത്തെതുടർന്ന് ദമ്മാം മെറ്റേണിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സിദ്ദീഖിനെ ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സെമീറയും ഫർഹാന ജാസ്മിനും പ്രഥമ ചികിത്സക്കും നിരീക്ഷണത്തിനും ശേഷം വൈകുന്നേരത്തോടെ ആശുപത്രി വിടുകയും ചെയ്തിരുന്നു.പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മക്കളുടെ വിജയാഘോഷ നിറവിലായിരുന്നു കുടുംബം. കുട്ടികളെ ഉന്നതപഠനത്തിന് ചേർക്കുന്നതിന് മുമ്പ് സൗദി സന്ദർശനത്തിന് കൊണ്ടുവന്നതായിരുന്നു. അതിനിടയിലാണ് ദുരന്തമെത്തിയത്.ഗ്ലോബൽ സോഴ്സ് ട്രേഡിങ് കമ്പനി ഉടമകളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശ്രമഫലമായാണ് നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ അതിവേഗം പൂർത്തിയാക്കാൻ കഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

