‘ഖോബാർ സീസൺ 2025’: കിഴക്കൻ പ്രവിശ്യയുടെ സാംസ്കാരിക ഉത്സവത്തിന് തുടക്കം
text_fieldsഅൽഖോബാറിൽ നടന്ന ‘ഖോബാർ സീസൺ 2025’ ഔദ്യോഗിക പ്രഖ്യാപന ചടങ്ങ്
അൽഖോബാർ: കിഴക്കൻ പ്രവിശ്യയുടെ ഹൃദയഭാഗമായ അൽഖോബാർ ഒരിക്കൽ കൂടി ആഘോഷവേഷം അണിയുകയാണ്. കിഴക്കൻ പ്രവിശ്യ വികസന അതോറിറ്റിയും (ഇ.പി.ഡി.എ), സൗദി ടൂറിസം അതോറിറ്റിയും ചേർന്നൊരുക്കുന്ന ‘ഖോബാർ സീസൺ 2025’ മഹോത്സവത്തിന് അടുത്ത വ്യാഴാഴ്ച തുടക്കമാവും.
അൽഖോബാറിലെ പ്രശസ്തമായ സുൽത്താൻ ബിൻ അബ്ദുൽഅസീസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്ററിൽ (എസ്.സി.ഐ ടെക്) നടത്തിയ വാർത്തസമ്മേളനത്തിൽ ‘ഖോബാർ സീസൺ 2025’ ഔദ്യോഗിക പ്രഖ്യാപനം നടന്നു. അരാംകോയുടെ സാംസ്കാരിക സംരംഭമായ ഇത്റയുടെയും, നിരവധി പൊതുമേഖല, സ്വകാര്യ മേഖലകളുടെയും ആഗോള നിലവാരത്തിലുള്ള സംരംഭക പിന്തുണ പരിപാടിക്ക് ലഭിച്ചിട്ടുണ്ട്.
ഒക്ടോബർ 23 മുതൽ 2026 ജനുവരി 31 വരെ നീളുന്ന ഈ സീസൺ, വിനോദത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും സമന്വയമായിരിക്കും. 147ലധികം കല, കായിക, സാങ്കേതിക, സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തി എല്ലാ പ്രായത്തിലുള്ളവർക്കും ആനന്ദവിരുന്നൊരുക്കാനാണ് സംഘാടകർ ഒരുങ്ങുന്നത്.
ആഘോഷ ചത്വരം, ഇത്റ, എസ്.സി.ഐ ടെക് സെന്റർ, അജ്‌ദാൻ വാക്ക്, സാൻഡി ബീച്ച്, നോർത്ത് ഖൊബർ കോർണിഷ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആഘോഷം അരങ്ങേറുക. ഉത്സവകാലത്ത് ഖോബാറിന്റെ തീരപ്രദേശം മുഴുവൻ സജീവതയുടെ നിറങ്ങളാൽ മൂടപ്പെടും. ഭംഗിയാർന്ന വെളിച്ചങ്ങളും സംഗീതവിരുന്നുകളും ചേർന്നുള്ള ആകർഷകമായ തുടക്കത്തോടെ ആയിരിക്കും സീസൺ ഉദ്ഘാടന ചടങ്ങ് നടക്കുക.
പരമ്പരാഗത സൗദി പരുന്ത് മത്സരം, പാരമ്പര്യവും സംഗീതവുമായ ആഘോഷങ്ങൾ എന്നിവ ഉൾപ്പെടുന്ന ഖാദിസിയ ഫെസ്റ്റിവൽ, നസീം ഖൊബർ ബീച്ച് പരിപാടികൾ, ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്ലേറ്റബിൾ പാർക്ക് ’ബിഗ് ബൗൺസ്’ എന്നിവക്ക് പുറമെ അന്താരാഷ്‌ട്ര സംഗീത കച്ചേരികളും വിനോദ പ്രദർശനങ്ങളും ഉത്സവത്തിൽ അരങ്ങേറും.
ഈ ആഘോഷങ്ങൾ സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായ സാംസ്കാരിക നവീകരണത്തിന്റെയും വിനോദപരിഷ്‌കാരത്തിന്റെയും ഭാഗമാണ്. ഏകദേശം 85 മില്യൺ റിയാൽ ചെലവിട്ട് സംഘടിപ്പിക്കുന്ന ഈ പരിപാടി 7,200-ലധികം പേർക്ക് നേരിട്ടും പരോക്ഷവുമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് അധികൃതർ അറിയിച്ചു. യുവജനങ്ങൾക്കും സൃഷ്ടിപരമായ രംഗങ്ങൾക്കും കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുക എന്നതാണ് മുഖ്യലക്ഷ്യം. സൗദിയുടെ കിഴക്കൻ തീരത്തെ ടൂറിസം രംഗത്ത് പുതിയ ഉണർവ് സൃഷ്ടിക്കാൻ പരിപാടിക്ക് കഴിയും.
ദേശീയ പൈതൃകത്തെയും ആധുനികതയെയും ഒരുമിപ്പിക്കുന്ന ഈ ഉത്സവം, ഖോബാറിനെ അറേബ്യൻ ഗൾഫിലെ പ്രധാന സാംസ്കാരിക, സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംഗീതം, കല, സാങ്കേതിക വിദ്യ, പാരമ്പര്യം, വിനോദം തുടങ്ങിയവയെല്ലാം സംഗമിക്കുന്ന ഒരു മഹോത്സവം കിഴക്കൻ പ്രവിശ്യയുടെ മനസ്സിലേക്കും ലോകത്തിന്റെ ശ്രദ്ധയിലേക്കും പുതുയുഗം തുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

